കേരള അതിർത്തിയായ സുൽത്താൻ ബത്തേരിയും കർണാടകത്തിലെ ഗുണ്ടൽപേട്ടും ബന്ധിപ്പിക്കുന്ന ദേശീയപാത 212 ൽ (ഇപ്പോൾ ദേശീയ പാത 766 ) കൂടിയും ദേശീയപാത 67 ൽ കൂടിയുമുള്ള രാത്രികാല യാത്രാനിരോധനം നീക്കുന്നതിന് സംസ്ഥാന സർക്കാർ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഐ.സി. ബാലകൃഷ്ണൻ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറഞ്ഞു.
സംസ്ഥാന പാത 90 ഉം ദേശീയപാത 275 ഉം സംയോജിപ്പിച്ച് പുതിയ പാത നിർമിക്കുന്നതിനുള്ള നിർദേശത്തിൽ കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്. കൽപ്പറ്റ -ഗുണ്ടൽപ്പേട്ട് -മൈസൂർ റോഡിലാണ് നാറ്റ്പാക് പാത നിർദേശിച്ചിരിക്കുന്നത്.
രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിന് എലിവേറ്റഡ് ഹൈവേ നിർമിക്കുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് കോടതി മുന്പാകെയും കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.