21.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .
Kelakam

പ്രിയപ്പെട്ട പുസ്തകങ്ങൾ കിട്ടിയില്ല എന്ന് പറഞ്ഞ് വായിക്കാതിരിക്കരുത്… വായിക്കുക മാത്രമല്ല; ഇനി കുറിക്കു കൊള്ളുന്ന അഭിപ്രായവും പറയാം: വായനക്കും സംവാദത്തിനും വേദിയൊരുക്കി നിധി ബുക്ക്സ് .

പ്രശസ്ത എഴുത്തുകാരൻ ബെർത്തോൾഡ് ബ്രെഹ്ത് പറഞ്ഞത് ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’ എന്ന ശക്തമായ വാക്കുകളാണ്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം.

വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാവേദി. അവിടെയുള്ള പല തരത്തിലുള്ള പുസ്തകങ്ങൾ വായിച്ചും അറിവ് പങ്കിട്ടുമാണ് മുൻ തലമുറ വായനയുടെ വിശാല ലോകത്തേയ്ക്ക് നടന്നുകയറിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ലൈബ്രറിയുടെ പ്രാധാന്യം താരതമ്യേന കുറയുകയും വായനയുടെ രീതിയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്തു. ലൈബ്രറിയിൽ നിന്ന് അകന്നു തുടങ്ങിയവർ സ്വന്തമായി പുസ്തകങ്ങൾ വാങ്ങി വായനയുടെ ചെറിയ ലോകം രൂപപ്പെടുത്തിത്തുടങ്ങി.

നഗരങ്ങളിൽ മികച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാകമ്പോഴും മലയോര മേഖലയിലെ വായനക്കാർക്ക് ഇഷ്ട പുസ്കങ്ങൾ കിട്ടാനായി ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. കോവിഡ് കാലമായപ്പോഴേക്കും ഈ ദുസ്ഥിതി രൂക്ഷമായി. ആ അവസരത്തിലാണ് വായനക്കാരെയും പുസ്തകങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ ‘നിധി ബുക്ക്സ്’ എന്ന ആശയവും വായനയിൽ തൽപ്പരരായ ഒരു സംഘം ആളുകളുടെ കൂട്ടായ്മയും മലയോരത്ത് ഉദയം കൊള്ളുന്നത്.

വായനയോടുള്ള താൽപ്പര്യവും പുസ്തകൾ ലഭ്യമല്ലാത്തതിനാൽ വായന നിലച്ച നിരവധി ആളുകളുടെ അനുഭവവുമാണ് കൊട്ടിയൂർ സ്വദേശിനി ലിജിന കൃഷ്ണനെ ഈ മേഖലയിലേയ്ക്ക് നയിച്ചത്. പേരാവൂർ റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ ഭർത്താവ് പി എസ് ശിവദാസന്റെ പൂർണ്ണ പിന്തുണ കൂടി ചേർന്നപ്പോൾ മലയോര മേഖലയിൽ പുതിയൊരു വായന വിപ്ലവത്തിനു തുടക്കമാവുകയായിരുന്നു. മുൻപ് പത്രമാധ്യമങ്ങളിൽ ജോലി ചെയ്ത സുഹൃദ്ബന്ധങ്ങളിൽ നിന്നു ലഭിച്ച പിന്തുണയും സഹകരണവുമാണ് ഇത്തരമൊരു വേറിട്ട സംരഭത്തിന് സഹായകമായതെന്ന് ശിവദാസൻ പറയുന്നു.

ഈ സേവനത്തെക്കുറിച്ച് ഗൾഫിലെ ഒരു സുഹ്യത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം വിദേശത്തേക്ക് പുസ്തകങ്ങൾ അയച്ചു കൊടുത്തു കൊണ്ടായിരുന്നു നിധി ബുക്സിന്റെ തുടക്കം. മലയോരത്തെ നാട്ടിൻപുറത്ത് വായനശീലം വളർത്താൻ ആഗ്രഹിച്ച ഈ ദമ്പതികൾ ഇന്ന് 20 ഓളം പ്രസാധകരിൽ നിന്നായി പുസ്തകങ്ങൾ ശേഖരിച്ച് 12 ഓളം രാജ്യങ്ങളിലെ പ്രവാസി വായനക്കാർക്കാർക്കുൾപ്പെടെ എത്തിച്ചു നൽകുന്നു. അധികച്ചെലവുകൾ ഒന്നും വരാതെയാണ് ആവശ്യക്കാർക്ക് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്. സാധ്യമായ കിഴിവും വായനക്കാർക്ക് ലഭ്യമാക്കുന്നുണ്ട് നിധി ബുക്സ്.

പുസ്തകങ്ങൾ എത്തിച്ചു നൽകുക മാത്രമല്ല, വായനയുടെ എല്ലാ തലത്തിലേയ്ക്കും പുസ്തക സ്നേഹികളെ നയിക്കാൻ നിധി ബുക്ക്സ് വായനക്കൂട്ടം എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നിരന്തരം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട് ലിജിന എന്ന വീട്ടമ്മ. വായനക്കാർക്ക് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാൻ ആവിഷ്ക്കരിച്ച
‘ എഴുത്തു വിചാരണ’ എന്ന പരിപാടി ഏറെ ആവേശത്തോടെയാണ് വായനാലോകം സ്വീകരിച്ചത്. വായനക്കാർക്ക് കൃതിയെ
സംബന്ധിച്ച ആശയങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും എഴുത്തുകാരനുമായി തുറന്ന് സംസാരിക്കാൻ എഴുത്തു വിചാരണയിലൂടെ അവസരം ലഭിക്കുന്നു.
മലയോര മേഖലയിൽ നിന്നുള്ള പ്രശസ്ത എഴുത്തുകാരൻ വിനോയ് തോമസ് ഉദ്ഘാടനം നിർവഹിച്ച ‘എഴുത്തു വിചാരണ’യിലൂടെ കെ ആർ മീര , അജയ് പി മങ്ങാട്ട്, ആർ രാജശ്രീ, അരുൺ എഴുത്തച്ഛൻ, ജിസ ജോസ് എന്നിങ്ങനെ നിരവധി പ്രഗൽഭരായ എഴുത്തുകാരുമായി വായനക്കാർക്ക് സംവദിക്കാൻ അവസരമൊരുങ്ങി. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ യാത്രാ പുസ്തകത്തെ അധികരിച്ച് നടത്തിയ ‘വിസ്മയ സായാഹ്നം’ എന്ന പരിപാടിയും ശ്രദ്ധേയമായിരുന്നു. കോവിഡ് കാലത്ത് ഓൺലൈൻ രീതിയിൽ ആയിരുന്നു ഈ സംവാദങ്ങൾ സംഘടിപ്പിച്ചത്.

കൂടാതെ എല്ലാ ദിവസവും രാത്രി 9 മണിക്ക് ‘ക്ലബ് ഹൗസിൽ’ വായനമുറി ഒരുക്കുകയും ഒരു കഥ വായിക്കുകയും ചർച്ച നടത്തുകയും ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും വായന മുറിയിൽ ഒത്തുച്ചേരുന്ന വായനക്കാർ കഥകൾ വായിച്ച് ചർച്ചകൾ നടത്തുകയും കഥാകൃത്തുക്കളുമായി സംവദിക്കുകയും ചെയ്തുവരുന്നു. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ടൈം സോണുകളിൽ നിന്നായി എത്തുന്ന പലർക്കും ചർച്ചയിൽ നേരിട്ട് പങ്കെടുക്കാനാവില്ലെങ്കിലും ജോലികൾക്കിടയിലും കഥകളും ചർച്ചകളും കേൾക്കാനായി മാത്രം പതിവായി എത്തുന്നവരും ഏറെയാണ്. വായനമുറിയിൽ എഴുത്തുകാർ അതിഥികളായെത്തുമ്പോൾ കഥയെപ്പറ്റി നേരിട്ട് അഭിപ്രായങ്ങൾ അറിയിക്കാനും വായനക്കാർക്ക് സാധിക്കുന്നു. സക്കറിയ, ശിഹാബുദ്ദീൻ പൊയ്യുത്തുംകടവ്, യു കെ കുമാരൻ, പി വി ഷാജികുമാർ എന്നിങ്ങനെ നിരവധി സാഹിത്യ പ്രതിഭകൾ വായന മുറിയിലെ ചർച്ചയിൽ പങ്കെടുത്തു. ബെന്യാമിൻ, എൻ എസ് മാധവൻ തുടങ്ങി പ്രസിദ്ധരായ പല എഴുത്തുകാരെയും വായന മുറിയിൽ അതിഥികളായി പ്രതീക്ഷിക്കുന്നതായും ലിജിന കൃഷ്ണൻ അറിയിച്ചു.

“വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ കടംകൊണ്ട് വായനക്കാർക്കും പുസ്തകങ്ങൾക്കും ഇടയിലെ എല്ലാവിധ അതിർ വരമ്പുകളും ഇല്ലാതാക്കി ഇനിയും വായനക്കാർക്ക് നിരവധി പുസ്തകൾ മഷിമണം മാറും മുൻപ് സ്വന്തമാക്കാൻ നിധി ബുക്സിന്റെ സേവനംമൂലം സാധ്യമാകും എന്ന ഉറപ്പാണ് ലാഭത്തിനപ്പുറം ആത്മസംതൃപ്തി തേടുന്ന ഈ കൂട്ടായ്മക്ക് നൽകാൻ കഴിയുന്നത്.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…

Aswathi Kottiyoor

കേളകം പഞ്ചായത്ത് വികസന സമിതി യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox