27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സിആർസെഡ്: ബണ്ടിൽ ഇളവുതേടി കേരളം കേന്ദ്രത്തെ സമീപിച്ചു.
Kerala

സിആർസെഡ്: ബണ്ടിൽ ഇളവുതേടി കേരളം കേന്ദ്രത്തെ സമീപിച്ചു.

പുതിയ സിആർസെഡ് വിജ്ഞാപനപ്രകാരമുള്ള തീരപരിപാലന പദ്ധതിയിൽ കൂടുതൽ ഇളവു തേടി സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിച്ചു. ബണ്ടുകളിൽ വേലിയേറ്റ രേഖ നിർണയിക്കുന്നതിനാണ് ഇളവു വേണ്ടത്. ബണ്ടുകളിൽ 1991നു മുൻപു നിർമിച്ച നീർച്ചാൽ (സ്‌ലൂയിസ്) ഉണ്ടെങ്കിൽ ആ ഭാഗം സിആർസെഡ് നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കണമെന്നും ഇവിടെ വേലിയേറ്റ രേഖ ബണ്ട് വരെ നിജപ്പെടുത്തണമെന്നുമാണ് ആവശ്യം. കേന്ദ്ര പരിസ്ഥിതി സെക്രട്ടറിയെ നേരിൽ കണ്ടു സംസ്ഥാന പരിസ്ഥിതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.വേണു ആവശ്യമുന്നയിച്ചു.

തീരപരിപാലന പദ്ധതി നടപ്പാക്കുന്നതിനു നിർദേശങ്ങൾ നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി, പൊക്കാളിപ്പാടങ്ങളിൽ വേലിയേറ്റ രേഖ ബണ്ടുകളിൽ നിജപ്പെടുത്തണമെന്നു നിർദേശിച്ചിരുന്നു. വേലിയേറ്റമുണ്ടാകുമ്പോൾ ഉപ്പുവെള്ളം കയറി നെൽക്കൃഷി നശിക്കാതിരിക്കാനാണു ബണ്ട് കെട്ടുന്നത്. കൊയ്ത്തു കഴിഞ്ഞ് ഇവിടെ ചെമ്മീൻ കൃഷി ചെയ്യുമ്പോൾ ആവശ്യത്തിനു വെള്ളം കയറ്റി വിടാനും തിരിച്ചിറക്കാനുമായി നീർച്ചാലും നിർമിക്കും.

സിആർസെഡ് വിജ്ഞാപന പ്രകാരം വേലിയേറ്റ രേഖയിൽനിന്ന് 500 മീറ്റർ കരയിലേക്കു തീരനിയന്ത്രണ മേഖലയാണ്. ഇവിടെ മേഖല തിരിച്ചു വിവിധ നിയന്ത്രണങ്ങളുണ്ട്. ഇതിൽ ഇളവു ലഭിക്കാനാണ്, വേലിയേറ്റ രേഖ ബണ്ട് വരെയാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്. 1991നു മുൻപു സ്ഥാപിച്ച നീർച്ചാൽ എന്നതു മാനദണ്ഡമാക്കി ഇളവു നൽകണമെന്നാണ് ആവശ്യം. വിജ്ഞാപനത്തിൽ ബണ്ടിന്റെ കാര്യം കേന്ദ്രം എടുത്തുപറഞ്ഞിരുന്നില്ല.

ആറു മാസത്തിനുള്ളിൽ ചെയ്യാനുള്ളത്

ആറുമാസത്തിനുള്ളിൽ തീരപരിപാലന പദ്ധതി അന്തിമമാക്കുമെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇനി ചെയ്യേണ്ടത്:

നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ സിആർസെഡ് മൂന്നിൽ നിന്നു രണ്ടിലേക്കു മാറ്റിക്കൊണ്ടും സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾക്കു ചുറ്റുമുള്ള ബഫർ മേഖല ഒഴിവാക്കിക്കൊണ്ടും പദ്ധതിയുടെ കരട് പരിഷ്കരിക്കണം. ബണ്ടുകളിലെ വേലിയേറ്റ രേഖയുടെ കാര്യത്തിൽ കേന്ദ്രാനുമതി ലഭിച്ചാൽ ഇതും കരടിന്റെ ഭാഗമാക്കണം. തുടർന്നു സിആർസെഡ് ബാധിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ അഭിപ്രായം തേടണം. ഇതിനുശേഷം പ്രധാന ഘട്ടമായ പബ്ലിക് ഹിയറിങ്.

ജനങ്ങളിൽനിന്നു ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി ചേർത്തു കരട് പദ്ധതി ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിലേക്ക് അയയ്ക്കണം. വിജ്ഞാപനത്തിന് അനുസൃതമായാണോ കരട് പദ്ധതിയെന്ന പരിശോധന ഇവർ നടത്തും. തിരുത്തലുകൾ വരുത്തി കൈമാറും. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാകും കരട് കേന്ദ്ര സർക്കാരിനു സമർപ്പിക്കുക. കേന്ദ്രം അംഗീകരിക്കുന്നതോടെ പദ്ധതി അന്തിമമാകും. പബ്ലിക് ഹിയറിങ് സമയത്തു പരാതികൾ കുറയ്ക്കാനാണ് അതിനു മുൻപു മതിയായ സമയമെടുത്ത് അപാകതകൾ പരിഹരിക്കുന്നതെന്നു സർക്കാർ വിശദീകരിക്കുന്നു.

Related posts

കരുത്തേകി സമ്പദ്‌ഘടന കുതിച്ചു ; കേരളത്തിന്റെ മികച്ച വളർച്ച നിരക്ക്‌ ശ്രദ്ധേയമാകുന്നു.

Aswathi Kottiyoor

കെ.എസ് ആർ ടി സി ബസിനു നേരേ അക്രമണം.

Aswathi Kottiyoor

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox