20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ശബരിമലയിൽ വിപുലമായ സംവിധാനങ്ങൾ; ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു
Kerala

ശബരിമലയിൽ വിപുലമായ സംവിധാനങ്ങൾ; ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യത്തിൽ അതും കൂടി മുന്നിൽ കണ്ടാണ് ആക്ഷൻപ്ലാൻ രൂപീകരിച്ചത്. തീർത്ഥാടകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കോവിഡും മറ്റ് പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകും. കേന്ദ്ര സർക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കോവിഡ് പ്രോട്ടോകോൾ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ തീർത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കോവിഡ് വന്ന് 3 മാസത്തിനുള്ളിൽ ആയിട്ടുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദർശനം ഒഴിവാക്കണം.
പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നതാണ്. എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്‌സിജൻ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷർ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നുന്നുവെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണ്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്‌പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയറ്ററും പ്രവർത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും.
തീർത്ഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്.
വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, പർമണോളജി, സർജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടേയും സംസ്ഥാനതല മേൽനോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫീസർ, ഒരു അസി. നോഡൽ ഓഫീസർ തുടങ്ങിയവർ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ഓഫീസർ ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസറായി പ്രവർത്തിക്കും.

Related posts

ഇന്ന് ദേശീയ വായനാ ദിനം

Aswathi Kottiyoor

ഗോതമ്പ്‌ സംഭരണം കേന്ദ്രം വെട്ടിക്കുറച്ചു ; രാജ്യം ഭക്ഷ്യപ്രതിസന്ധിയിലേക്ക്‌

എംയിംസ് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം

Aswathi Kottiyoor
WordPress Image Lightbox