27.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • 3.5 ലക്ഷം കുട്ടികൾക്ക് സൗജന്യ ലാപ്ടോപ് ഉടനില്ല; വിദ്യാകിരണം പൊലിയുന്നു.
Kerala

3.5 ലക്ഷം കുട്ടികൾക്ക് സൗജന്യ ലാപ്ടോപ് ഉടനില്ല; വിദ്യാകിരണം പൊലിയുന്നു.

ഡിജിറ്റൽ പഠനത്തിനു ശേഷിയില്ലാത്ത 3.5 ലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതിയുടെ ടെൻഡർ റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. കമ്പനികൾ കൂടുതൽ തുക ക്വോട്ട് ചെയ്തതിനെത്തുടർന്നാണ് ടെൻഡർ റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇനി പുതിയ ടെൻഡർ ക്ഷണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതോടെ ഈ അധ്യയനവർഷം കുട്ടികൾക്കു ലാപ്ടോപ് കിട്ടാനുള്ള സാധ്യത കുറഞ്ഞു.

മൊത്തം 4.75 ലക്ഷം കുട്ടികൾക്കു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നത്. ജനകീയ പങ്കാളിത്തത്തോടെ 1.25 ലക്ഷത്തോളം കുട്ടികൾക്ക് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ലഭ്യമാക്കി. ബാക്കിയുള്ളവർക്ക് ലാപ്ടോപ്, ക്രോംബുക്ക്, ടാബ്‌ലറ്റ് എന്നിവ വാങ്ങാനാണ് ടെൻഡർ വിളിച്ചത്. എച്ച്പി, ഏസർ, സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ ടെൻഡറിൽ പങ്കെടുത്തു. ഒരെണ്ണത്തിനു ശരാശരി 20,000 രൂപയാണ് സർക്കാർ കണക്കാക്കിയതെങ്കിലും കമ്പനികൾ ഏതാണ്ട് 30,000 രൂപയാണ് ആവശ്യപ്പെട്ടത്.

ഇറക്കുമതിക്കുള്ള നിയന്ത്രണവും രാജ്യാന്തര തലത്തിൽ തന്നെ ലാപ്ടോപ്പുകളുടെ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവുമാണ് വില കൂടാനുള്ള കാരണമായി കമ്പനികൾ അറിയിച്ചത്. ടെൻഡർ ഉറപ്പിച്ച ശേഷം വിതരണത്തിന് 3 – 6 മാസം സമയവും ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയുമായി വില കുറയ്ക്കാൻ ചർച്ച നടത്തിയെങ്കിലും അവർ കാര്യമായ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നാണു സൂചന. തുടർന്നാണ് ടെൻഡർ റദ്ദാക്കാൻ തീരുമാനിച്ചത്.

ചെലവ് 700 കോടി; കിട്ടിയത് എത്ര?

പദ്ധതിക്കായി സർക്കാർ നേരത്തേ ഫണ്ട് സമാഹരണം ആരംഭിച്ചെങ്കിലും ഇതുവരെ എത്ര തുക ലഭിച്ചെന്നു വ്യക്തമല്ല. 3.5 ലക്ഷം കുട്ടികൾക്കു ലാപ്ടോപ് വാങ്ങാൻ 700 കോടി രൂപയെങ്കിലും വേണം. സെപ്റ്റംബറിൽ ടെൻഡർ തീരുമാനിച്ച് ഒക്ടോബർ– ഡിസംബർ കാലയളവിൽ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

വില ഇനിയും കുറയ്ക്കേണ്ടി വരുമെന്നതിനാൽ വൻകിട കമ്പനികൾ വീണ്ടും ടെൻഡറിൽ പങ്കെടുക്കുമോ എന്നു വ്യക്തമല്ല. ലാപ്ടോപ് ലഭ്യമാക്കാൻ കമ്പനികൾ കൂടുതൽ സമയം ആവശ്യപ്പെട്ടാൽ മാർച്ചിനു മുൻപ് വിതരണം പൂർത്തിയാക്കുക ബുദ്ധിമുട്ടാകും.

കെഎസ്എഫ്ഇ വായ്പ വഴി ലാപ്ടോപ് നൽകാനുള്ള സർക്കാരിന്റെ ‘വിദ്യാശ്രീ’ പദ്ധതിയും പരാജയമായിരുന്നു. ഇതിനായി വാങ്ങിയ ലാപ്ടോപ്പുകൾ ‘വിദ്യാകിരണം’ പദ്ധതിയിലേക്കു മാറ്റി പട്ടികവർഗ വിദ്യാർഥികൾക്കു നൽകുന്ന പദ്ധതി കഴിഞ്ഞദിവസം തുടങ്ങി.

Related posts

കേരളമാകെ 1680 സഹകരണ ഓണച്ചന്ത ; നാലുദിവസത്തിൽ റെക്കോഡ് വില്‍പ്പന

Aswathi Kottiyoor

ഡെങ്കിപ്പനിയ്‌ക്കും എലിപ്പനിയിയ്‌ക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വ്യാപാരക്കമ്മി അതിരൂക്ഷം ; ഇറക്കുമതി തീരുവ വർധിപ്പിക്കാൻ നീക്കം ; തിരിച്ചടിയായത്‌ കേന്ദ്രനയങ്ങൾ

Aswathi Kottiyoor
WordPress Image Lightbox