26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • കൂട്ടുപുഴ ആർ ടി ഒ ചെക്ക് പോസ്റ്റിൽ മാമൂൽ പിരിവ്
Iritty

കൂട്ടുപുഴ ആർ ടി ഒ ചെക്ക് പോസ്റ്റിൽ മാമൂൽ പിരിവ്

ഇരിട്ടി : കേരള – കർണാടക അതിർത്തിയിലെ കൂട്ടുപുഴ മോട്ടോർ വാഹന വകുപ്പിൻ്റെ ചെക്ക് പോസ്റ്റ് കടന്നുപോകണമെങ്കിൽ വാഹനങ്ങൾ മാമൂൽ നൽകണം. വാഹനങ്ങളുടെ തരമനുസരിച്ച് അത് നൂറുമുതൽ ആയിരത്തി അഞ്ഞൂറുവരെയാകും. മാമൂൽ കൊടുത്താൽ പിന്നെ തർക്കമോ തടഞ്ഞുവെക്കലോ, പരിശോധനയോ ഇല്ലാതെ സുഗമമായി കടന്നു പോകാം. കർണ്ണാടകത്തിൽ നിന്നും നൂറുകണക്കിന് പച്ചക്കറി അടക്കമുള്ള ചരക്കു വാഹനങ്ങളാണ് നിത്യവും ഇതുവഴി കേരളത്തിലേക്ക് എത്തുന്നത്. ഈ മാമൂൽ സമ്പ്രദായത്തിലൂടെ ഇവിടുത്തെ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ ദിനം പ്രതി കൊയ്യുന്നത് ലക്ഷങ്ങളാണ് എന്നാണ് പറയുന്നത് .
കർണ്ണാടകത്തിൽ നിന്നോ കേരളത്തിൽ നിന്നോ ഉള്ള ഡ്രൈവറെന്ന വ്യത്യാസമില്ലാതെയാണ് ഉദ്യോഗസ്ഥർ ഈ മാമൂൽ കൈപ്പറ്റുന്നത്. കൈപ്പറ്റുന്ന പണത്തിനു യാതൊരു രസീതും നല്കാറില്ലെന്നാണ് ഡ്രൈവർമാർ പറയുന്നത്. ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന പക്ഷം ഇത്തരം ഡ്രൈവർമാർക്ക് വിവിധ കാരണങ്ങൾ കണ്ടെത്തി ഭീഷണിയും ഒപ്പം വലിയ തുക പിഴയിട്ടു നൽകുകയും ചെയ്യും. ഇത് ഭയന്ന് പലരും ചോദ്യങ്ങളിൽ നിന്നും ഒഴിവാകുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്. അതിർത്തിയിലെ വാഹന പരിശോധനയ്ക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരോട് തന്നെ നിരവധി വാഹന ഡ്രൈവർമാർ ആർ ടി ചെക്ക് പോസ്റ്റിൽ നടക്കുന്ന മാമൂൽ സമ്പ്രദായത്തെ കുറിച്ച് പരാതി പറഞ്ഞിട്ടുണ്ട്. ഇതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുമുണ്ട്. രണ്ടു മാസം മുൻപേ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇവിടെയുള്ള ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയിരുന്നു. എന്നിട്ടും ഇപ്പോഴും മാമൂൽ സമ്പ്രദായം ഇവിടെ നിർബാധം തുടരുകയാണ്.
ഏറ്റവും കൂടുതൽ ചരക്കു വാഹനങ്ങൾ ഇതുവഴി കടന്നുവരുന്നതും പോകുന്നതും രാത്രി കാലങ്ങളിലാണ് . ആർ ടി ചെക്ക് പോസ്റ്റിൽ മാമൂൽ വാങ്ങി ചരക്കുവാഹനങ്ങൾ യാതൊരു പരിശോധനയുമില്ലാതെ കടത്തി വിടുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ചില മാദ്ധ്യമ പ്രവർത്തകർ ഇവിടെ എത്തിയിരുന്നു. വിവരം ശരിവെക്കുന്ന കാഴ്ചയായിരുന്നു ഇവർക്ക് ഇവിടെ കാണാനായത്. വാഹനത്തിലുള്ളവർ ചെക്ക് പോസ്റ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ്റെ അടുത്തെത്തി ഒരു മിനിട്ടിനുള്ളിൽ തിരിച്ച് വാഹനത്തിൽ കയറി ഒരു പരിശോധന കൂടാതെ കടന്നുപോവുകയായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പിന്നീട് ഓഫീസിൽ നിന്നും ഇറങ്ങി വന്ന് നിരയായി നിർത്തിയിട്ട വാഹനങ്ങൾ പരിശോധിക്കാൻ തുടങ്ങി. മാധ്യമ പ്രവർത്തകരെ ശ്രദ്ധിക്കാതിരുന്ന വാഹന ഡ്രൈവർമാരിൽ ചിലർ ഉദ്യോഗസ്ഥർക്ക് പണം നൽകാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുത്തി ശേഷം പണം വാങ്ങാതെ പരിശോധന തുടരുകയായിരുന്നു .
ഇതിനിടയിൽ ഒരു ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരെ അവരുടെ അടുത്തേക്ക് വിളിച്ചു. നിങ്ങൾ ഇവിടെ നിന്നും പോകണമെന്നും അല്ലെങ്കിൽ ഡ്രൈവർമാരെ കൊണ്ട് നിങ്ങൾക്കെതിരെ തിരിച്ച് പ്രശ്നമുണ്ടാക്കുമെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. അതുവരെ ഓഫീസിനകത്തിരിക്കുകയും യാതൊരു പരിശോധനയും നടത്താതിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥർ വിദ്വേഷം ഡ്രൈവർമാരോട് തീർക്കുകയായിരുന്നു. ഇവർ ഡ്രൈവർമാരിൽ നിന്നും വൻതുക പിഴ ഈടാക്കിത്തുടങ്ങുകയും മാധ്യമങ്ങൾ ഇവിടെ ഉള്ളത് കൊണ്ടാണ് പിഴ ഈടാക്കുന്നതെന്ന് ഡ്രൈവർമാരോട് പറയുകയും ചെയ്തു. നൂറോ , ഇരുന്നൂറോ വാങ്ങി ഒഴിവാക്കുന്നിടത്ത് വൻ തുകയീടാക്കി മാധ്യമ പ്രവർത്തകർക്കെതിരെ ഡ്രൈവർ മാരെ തിരിച്ചു വിടുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
കൂട്ടത്തിൽ ചില ഡ്രൈവർമാർ നിങ്ങൾ തങ്ങളെ ഉപദ്രവിക്കരുതെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറയുകയും ചെയ്തു. തത്കാലം ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി മാദ്ധ്യമപ്രവർത്തകർ പിൻവാങ്ങുകയും ചെയ്തു.
മാമൂൽ എന്ന പേരിട്ട് വിളിക്കുന്ന കൈക്കൂലി നൽകുന്നതിന് തെളിവായി നിരവധി ഡ്രൈവർമാർ ഇതു സംബന്ധിച്ച് പ്രതികരിക്കുവാനും തയ്യാറായിട്ടുണ്ട്. കുറഞ്ഞത് 100 രൂപ മുതൽ 1500 രൂപവരെയാണ് മാമൂൽ നൽകേണ്ടി വരുന്നതെന്നും ഇവർ പറഞ്ഞു. 2 മാസം മുൻപ് ഇവിടെ വിജിലസ് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവം വരെ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് മാമൂൽ എന്ന പേരിൽ ഉദ്യോഗസ്ഥർ ദിനം പ്രതി ലക്ഷങ്ങൾ സമ്പാദിക്കുന്നത്.

Related posts

ഇ​രി​ട്ടി​യി​ൽ ജനകീയ ശു​ചീ​ക​ര​ണം നാളെ

Aswathi Kottiyoor

ചൂണ്ടയിടാം വിശ്രമിക്കാം, ഇരിട്ടി പുഴയോര ഇക്കോപാർക്കിൽ.

Aswathi Kottiyoor

മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്രാനിയന്ത്രണത്തിൽ ഇളവില്ല

Aswathi Kottiyoor
WordPress Image Lightbox