നിലവാരം കുറച്ചും നിര്‍മാണച്ചെലവ് കൂട്ടിയും 74.79 കോടിയില്‍ കെട്ടിപ്പൊക്കിയ കോഴിക്കോട് കെഎസ്ആര്‍ടിസിയുടെ ബസ് ടെര്‍മിനില്‍ ഒഴിപ്പിക്കുന്നു.
ബസ് സര്‍വീസ് ഉള്‍പ്പെടെ യാതൊരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ടെര്‍മിനലിലെ കിയോസ്കുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ കെടിഡിഎഫ്സി നോട്ടീസ് നല്കി.
രണ്ടു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണിയും മറ്റും നടത്തേണ്ടതുണ്ട്. പ്രവൃത്തികള്‍ നടത്തുമ്പോള്‍ ബസ് സര്‍വീസുകള്‍ ടെര്‍മിനലില്‍ അനുവദിക്കാനാകില്ല. കൂടാതെ, കിയോസ്കുകള്‍ വാടകയ്ക്കെടുത്തവരെയും നിര്‍മാണപ്രവൃത്തി നടക്കു ന്പോൾ ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നും കെടിഡിസി നോട്ടീസില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 23ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.
അതേസമയം, 1,44,609 രൂപ മാസവാടക കൊടുക്കുന്ന കിയോസ്കുകള്‍ ഒഴിയണമെന്ന കെടിഡിഎഫ്സിയുടെ നിര്‍ദേശത്തിനെതിരേ വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പറയുന്നത്. നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരിച്ചാലും ഇതേസ്ഥലം വീണ്ടും അനുവദിക്കുന്ന കാര്യത്തില്‍ കെടിഡിഎഫ്സി അയച്ച നോട്ടീസില്‍ പ്രതിപാദി ച്ചിട്ടില്ലെന്നും കച്ചവടക്കാര്‍ അറിയിച്ചു.
ടെര്‍മിനല്‍ പാട്ടത്തിനെടുത്ത അലിഫ് ബില്‍ഡേഴ്സ്, നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായാല്‍ റീ ടെന്‍ഡര്‍ വിളിക്കുമെന്നും ഇപ്പോള്‍ കച്ചവടം ഒഴിയുന്നവര്‍ക്ക് മുന്‍പ് നിശ്ചയിച്ച വാടകയില്‍ കിയോസ്കുകള്‍ തിരിച്ചു നല്‍കില്ലെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. അഞ്ച് കിയോസ്കുകളാണ് ടെര്‍മിനലില്‍ ഉള്ളത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം സംബന്ധിച്ച് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഗതാഗത വകുപ്പ് മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൊതുമരാമത്ത് ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എസ്. ഹരികുമാറാണ് പുതിയ സമിതിയുടെ കണ്‍വീനർ. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഒരു മാസം മുമ്പാണ് സ്വകാര്യ കമ്പനിയായ അലിഫ് ബില്‍ഡേഴ്സിന് കെടിഡിഎഫ്സി ടെര്‍മിനല്‍ വാടകയ്ക്കു കൊടുത്തത്. തൊട്ടുപിന്നാലെയാണ് കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നുള്ള ചെന്നൈ ഐഐടി റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ നടപടി.