ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിലും സുപ്രീം കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും, മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റും നല്‍കിയ അപേക്ഷകളില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ച്ചയ്ക്ക് ഉള്ളില്‍ മറുപടി നല്‍കാന്‍ ആണ് കേസിലെ എതിര്‍കക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ നോട്ടീസ് അയക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി യു സിംഗും, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശിയും ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി നിലനില്‍ക്കുന്ന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാന്‍ കഴിയില്ല എന്ന് ജസ്റ്റിസ്മാരായ എല്‍ നാഗേശ്വര്‍ റാവു, ബി ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സ്റ്റേ ആവശ്യം സംബന്ധിച്ച വാദങ്ങള്‍ തുടരുകയാണെങ്കില്‍ അപേക്ഷകള്‍ തള്ളുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയാണ് കേരളം ചോദ്യം ചെയ്യുന്നത്. ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്ഷിപ്പുകള്‍ വിതരണം ചെയ്താല്‍ അനര്‍ഹര്‍ക്ക് അത് ലഭിക്കും എന്നാണ് കേരളത്തിന്റെ വാദം. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാര്‍, പാലോളി കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്റെ പക്കല്‍ ആധികാരിക രേഖകള്‍ ഇല്ല എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക അവസ്ഥ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ക്രിസ്ത്യാനികള്‍ക്കും അര്‍ഹമായ സ്‌കോളര്‍ഷിപ്പ് നല്‍കും എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.