നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂർണ്ണമായും കൊടുക്കുന്നതിലും കർഷകർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കർഷകരിൽ നിന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കുന്ന നെല്ലിന് കേന്ദ്ര വിഹിതമായ 19.40 രൂപയ്ക്ക് പുറമെ, സംസ്ഥാന സർക്കാരിന്റെ വിഹിതമായ 8.60 രൂപയും ചേർത്താണ് 28 രൂപയായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എറ്റവും ഉയർന്ന നിരക്കാണ്. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും നെല്ലിന്റെ സംഭരണ വില നമ്മുടെ സംസ്ഥാനത്തെക്കാൾ കുറവും, സംഭരണ കുടിശ്ശിക തുക പൂർണ്ണമായും ലഭ്യമാക്കിയിട്ടുമില്ല. എന്നാൽ സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തെ നെല്ല് സംഭരണ കുടിശ്ശികതുക പൂർണ്ണമായും കർഷകർക്ക് നൽകിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ മന്ത്രി അറിയിച്ചു.