ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള ‘അക്സസ് കണ്ട്രോള് സംവിധാനം’ സെക്രട്ടേറിയേറ്റില്‍ സ്ഥാപിക്കും. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുക.
1,95,40,633 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ചിലവാകുന്ന തുകയുടെ 30 ശതമാനം മുന്‍കൂറായി കെല്‍ട്രോണിന് അനുവദിച്ചിട്ടുണ്ട്. 58,62,190 രൂപയാണ് ഇത്തരത്തില്‍ കെല്‍ട്രോണിന് മുന്‍കൂറായി നല്‍കുക. പൊതുഭരണ വകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
നിലവിലെ ജീവനക്കാര്‍ക്കുള്ള ബയോമെട്രിക് അറ്റന്‍ഡന്‍സ് സംവിധാനത്തെ പുതിയ അക്സസ് കണ്ട്രോള്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
നിലവില്‍ അനുമതി ഇല്ലാതെ ആര്‍ക്കും സെക്രട്ടേറിയേറ്റ് വളപ്പില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. മന്ത്രിമാരെ കാണാനും മറ്റും വരുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനിടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനുള്ള അക്സസ് കണ്ട്രോള് സംവിധാനം കോടികള്‍ മുടക്കി സ്ഥാപിക്കുന്നത്.