26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മേൽക്കൂരയിൽ കുരുങ്ങി; മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല.
Kerala

മേൽക്കൂരയിൽ കുരുങ്ങി; മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല.

സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്കൂളുകൾക്ക് ക്ഷമത (ഫിറ്റ്‌നസ്) ഇല്ല. ആസ്ബസ്റ്റോസ്, ടിൻ, അലുമിനിയം ഷീറ്റുകൾകൊണ്ടുള്ള മേൽക്കൂരയുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാനാവില്ലെന്ന് ചില തദ്ദേശ സ്ഥാപനങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് കെട്ടിടങ്ങൾക്ക് പൂട്ടുവീഴുന്നത്.

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഈ മാസം 16-നുമുമ്പ് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ചില തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്.

ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ അധ്യാപകരുടെ ശമ്പളം മാറിക്കിട്ടാനടക്കം തടസ്സവും നേരിടും.

മൂവായിരത്തോളം സ്കൂളുകൾക്ക് ഇനിയും ക്ഷമതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ഹയർസെക്കൻഡറി തലംവരെ 15,892 സ്കൂളുകളാണുള്ളത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങളാണുള്ളതെന്നും അസോസിയേഷൻ പറയുന്നു.

ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് പല സ്കൂളുകളും ആസ്ബസ്റ്റോസ് ഷീറ്റുകൾ നേരത്തേ മാറ്റിയിരുന്നു. ടിൻ, അലുമിനിയം ഷീറ്റുകൾ മാറ്റണമെന്ന് ബാലാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തദ്ദേശസ്ഥാപനങ്ങൾ മേൽക്കൂര മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നത്.

ഇളവ് അനുവദിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് മാനേജ്‌മെന്റുകളും പ്രധാനാധ്യാപകരും പറയുന്നു.

തദ്ദേശവകുപ്പുമായി ആലോചിച്ച് നടപടി

ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ മേൽക്കൂരയിലെ ഷീറ്റ് മാറ്റണമെന്ന പ്രശ്നം തദ്ദേശ വകുപ്പുമായി ചർച്ചചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു. അടുത്തദിവസംതന്നെ ഇക്കാര്യത്തിൽ വകുപ്പുതല ചർച്ചയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവും പറഞ്ഞു.

Related posts

ഗോ ഫസ്റ്റ് കൊച്ചി-അബുദാബി സർവീസിന് തുടക്കം

Aswathi Kottiyoor

കോവിഡ്​ പ്രതിരോധത്തിൽ കേരളം വീഴ്ച വരുത്തിയെന്ന്​ കേന്ദ്രസംഘം.

Aswathi Kottiyoor

ഇന്റർവ്യൂ മാത്രമുള്ള നിയമനം ഇനിയില്ല; എഴുത്തുപരീക്ഷ നിർബന്ധമാക്കി പിഎസ്‍സി.

Aswathi Kottiyoor
WordPress Image Lightbox