വിദേശത്തുനിന്ന് മെഡിക്കൽ ബിരുദവും പ്രാക്ടീസ് ചെയ്യാൻ യോഗ്യതയും നേടിയാൽ സംസ്ഥാനത്ത് മറ്റൊരു ഇന്റേൺഷിപ് ആവശ്യമില്ലെന്ന് ഹൈക്കോടതി.
പ്രാക്ടീസ് ചെയ്യാനുള്ള സ്ഥിരം രജിസ്‌ട്രേഷൻ നിഷേധിച്ച മെഡിക്കൽ കൗൺസിലിന്റെ നടപടി ചോദ്യം ചെയ്‌ത് തിരുവനന്തപുരം മണക്കാട് സ്വദേശി സാദിയ സിയാദ് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ ഉത്തരവ്. സ്ഥിരം രജിസ്‌ട്രേഷനായി അപേക്ഷ നൽകിയാൽ നിർബന്ധിത റൊട്ടേറ്ററി റസിഡൻഷ്യൽ ഇന്റേൺഷിപ് (സിആർആർഐ) ആവശ്യപ്പെടാതെതന്നെ രജിസ്‌ട്രേഷൻ നൽകണമെന്നും കോടതി നിർദേശിച്ചു.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം രജിസ്‌ട്രേഷൻ ലഭിക്കുന്നതിനുള്ള യോഗ്യത ഹർജിക്കാരിക്കുണ്ട്. അതിനാൽ അവർക്ക് രജിസ്‌ട്രേഷൻ നിഷേധിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു.
ദുബായിൽനിന്ന് 2019ൽ മെഡിക്കൽ ബിരുദം നേടിയ സാദിയ ദുബായ് ഹെൽത്ത് അതോറിറ്റിക്കുകീഴിലുള്ള വിവിധ ആശുപത്രികളിൽ ഒരുവർഷത്തെ ഇന്റേൺഷിപ് പൂർത്തീകരിച്ചു. പിന്നീട് അവിടത്തെ ലൈസൻസിങ് പരീക്ഷ ജയിച്ച് മെഡിക്കൽ പ്രാക്ടീഷണറായി എൻറോൾ ചെയ്യാൻ അർഹത നേടിയിട്ടുണ്ട്.