വിലക്കയറ്റത്തിനെതിരായി സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ധന വില വര്‍ധന, പാചക വാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിലേക്കും വഴിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റിക്ക് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
കോവിഡ് വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം. പ്രത്യേക സംസ്ഥാന പദവി നല്കിയരുന്ന 370-ം വകുപ്പ് റദ്ദാക്കിയതിനെതിരേ സിപിഎം അടക്കം നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ചൂഷണ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള സമരപരിപാടികളില്‍ എന്നും സിപിഎം ഒപ്പമുണ്ടാകും എന്നും യെച്ചൂരി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഷേധമായി കര്‍ഷക സമരം മാറി. ലഖിംപൂര്‍ ഖേരിയില്‍ ഉള്‍പ്പടെ അക്രമം നടത്തി അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സമരപരിപാടികള്‍ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
കര്‍ഷക സമരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നവംബര്‍ 26ന് സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഘടകങ്ങളും പൂര്‍ണ പിന്തുണ നല്‍കണമെന്നും കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.