24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍
Kerala

വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവ അടിയന്തരമായി ശുചീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമായി ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോഴുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനും ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്. ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ പിന്തുണയും ജില്ലാ പഞ്ചായത്ത് നല്‍കും. സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകരെ ഉടന്‍ നിയമിക്കും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. നവംബര്‍ 15 നകം സ്‌കൂള്‍ പിടിഎകള്‍ പുനസംഘടിപ്പിക്കണം. വിപുലമായ പ്രവേശനോത്സവം സാധ്യമാകില്ലെങ്കിലും കുട്ടികളുടെ മാനസികോല്ലാസത്തിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പൊലീസിന്റെ സേവനം ഉറപ്പു വരുത്തുമെന്ന് അഡീഷണല്‍ എസ് പി പ്രിന്‍സ് എബ്രഹാം അറിയിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലുകള്‍ ഇല്ലാതാക്കാനുമായി രാവിലെയും വൈകിട്ടും പട്രോളിങ്ങ് നടത്തും. ജനമൈത്രി പൊലീസിന്റെയും എസ് പി സി യുടെയും സേവനം ഉറപ്പു വരുത്തും. നീണ്ട ഇടവേളക്കുശേഷം തുറക്കുന്ന ക്ലാസ്സ് മുറികളിലെ ഇഴജന്തുക്കളുടെ സാനിദ്ധ്യം, ഇലക്ട്രിക് വയറിങ്ങുകളുടെ അവസ്ഥ, ശുദ്ധമായ കുടിവെള്ളം, ശുചിമുറികളുടെയും ഭക്ഷണപ്പുരയുടെയും ശുചിത്വം എന്നിവ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി ഡിഎം ഒ ഡോ.എം പ്രീത പറഞ്ഞു. ഭക്ഷണത്തിന്റെ ഇടവേളകളിലെ കൂടിച്ചേരലുകള്‍ നിയന്ത്രിക്കണം. കുട്ടികള്‍ രോഗവാഹകരായി മാറാനുള്ള സാധ്യതകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കണം. സ്‌കൂളുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പു വരുത്തുമെന്നും അവര്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ കുട്ടികളെ വരവേല്‍ക്കാന്‍ സജ്ജമാണെന്നും കുട്ടികളുടെ മാനസിക നില മനസ്സിലാക്കി ഇടപെടുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഡയറ്റ് പ്രിന്‍സിപ്പല്‍ സോമശേഖരന്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ കെ കെ രത്‌ന കുമാരി, വി കെ സുരേഷ് ബാബു, യുപി ശോഭ, അഡ്വ. ടി സരള, ജില്ലാപഞ്ചായത്തംഗം സി പി ഷിജു, അഡീഷണല്‍ എസ് പി പ്രിന്‍സ് എബ്രഹാം, ഡെപ്യൂട്ടി ഡിഎം ഒ ഡോ.എം പ്രീത, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ എം സോമശേഖരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓഡിനേറ്റര്‍ പി വി പ്രദീപന്‍, എസ് എസ് കെ കോ ഓഡിനേറ്റര്‍ ടി പി അശോകന്‍, ഹയര്‍ സെക്കണ്ടറി അസി. കോ ഓഡിനേറ്റര്‍ കെ വി ദീപേഷ്, വി എച്ച് എസ് ഇ യെ പ്രതിനിധീകരിച്ച് ടി കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരം; ആരോഗ്യമന്ത്രി

Aswathi Kottiyoor

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തണം: വനിതാ കമീഷൻ

Aswathi Kottiyoor

ഓ​ടു​ന്ന ലോ​റി​യി​ൽ ഉ​റ​ങ്ങു​ന്ന ഡ്രൈ​വ​ർ; കാ​ണു​ന്ന​തെ​ല്ലാം ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്ക​രു​തേ

Aswathi Kottiyoor
WordPress Image Lightbox