22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിയാല്‍ ജലവൈദ്യുതി ഉത്പാദന രംഗത്തേക്ക്; കോഴിക്കോട് അരിപ്പാറയിലെ ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം ആറിന്.
Kerala

സിയാല്‍ ജലവൈദ്യുതി ഉത്പാദന രംഗത്തേക്ക്; കോഴിക്കോട് അരിപ്പാറയിലെ ആദ്യ പവര്‍ഹൗസ് ഉദ്ഘാടനം ആറിന്.

സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) ജല വൈദ്യുതോത്പാദന രംഗത്തേക്ക്. സിയാലിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതി നവംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചതാണ് പദ്ധതി.

4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളില്‍നിന്നായി അഞ്ച് ഏക്കര്‍ സ്ഥലം സിയാല്‍ ഏറ്റെടുത്തു. ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടി അവിടെ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേക്ക് പെന്‍സ്റ്റോക്ക് കുഴല്‍ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് ചെലവിട്ടത്.

പുനരുപയോഗ സാധ്യതയില്ലാത്ത ഊര്‍ജ സ്രോതസ്സുകളിന്മേലുള്ള ആശ്രയം കുറയ്ക്കാന്‍ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാകുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.സിയാലിന്റെ വൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചുള്ളതാണ്. വലിയ അണകെട്ടി വെള്ളം സംഭരിക്കേണ്ടതില്ലാത്തതിനാല്‍ പരിസ്ഥിതി ആഘാതം കുറവാണ്. രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂര്‍ണ തോതില്‍ ഒഴുക്കുള്ള നിലയില്‍ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാം.

വര്‍ഷം 130 ദിവസമെങ്കിലും ഉത്പാദിപ്പിച്ചാല്‍ 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബി.യുടെ ഗ്രിഡിലേക്ക് നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യം തുടങ്ങി. നവംബര്‍ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയും. നവംബര്‍ ആറിന് രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിയാല്‍ ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, സിയാല്‍, അരിപ്പാറ പവര്‍ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ വെര്‍ച്വല്‍ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.

Related posts

*വോട്ടർപട്ടിക പുതുക്കൽ ഡിസംബർ 18 വരെ നീട്ടി*

Aswathi Kottiyoor

കോവിഡ് പ്രതിരോധം : ജി​ല്ല​ക​ളി​ൽ സ​ന്പ​ർ​ക്കാ​ന്വേ​ഷ​ണത്തിനു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

വ​ട​ക​ര​യി​ൽ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; കാ​ർ ക​ത്തി​ച്ചു

Aswathi Kottiyoor
WordPress Image Lightbox