24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വൻവീഴ്‌ച; ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ .
Kerala

വൻവീഴ്‌ച; ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ .

പാകിസ്ഥാന്റെ ഓൾറൗണ്ട്‌ മികവിൽ ഇന്ത്യ തകർന്നു. ബാറ്റിലും പന്തിലും പാകിസ്ഥാൻ തകർത്താടിയപ്പോൾ ട്വന്റി–-20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക്‌ അപമാനകരമായ തോൽവി. 10 വിക്കറ്റിനാണ്‌ വിരാട്‌ കോഹ്‌ലിയും സംഘവും നിലംപതിച്ചത്‌.

ദുബായിൽ ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് നേടാനായത്‌ 7–-151 റൺ. പാക്‌ ഓപ്പണർമാരായ ബാബർ അസമിനും (52 പന്തിൽ 68) മുഹമ്മദ്‌ റിസ്വാനും (55 പന്തിൽ 79) ആ സ്‌കോർ വെല്ലുവിളിയായില്ല. ലോകകപ്പ്‌ ചരിത്രത്തിലാദ്യമായി ഇന്ത്യ പാകിസ്ഥാനോട്‌ തോൽക്കുകയും ചെയ്‌തു.

പന്തിൽ ഷഹീൻ അഫ്രീദിയും ബാറ്റിൽ ബാബറും റിസ്വാനും പാക്‌നിരയിൽ തിളങ്ങി. ഇന്ത്യൻനിരയിൽ അരസെഞ്ചുറി കുറിച്ച ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിമാത്രം (49 പന്തിൽ 57) പൊരുതി. ടോസ്‌ നേടിയ പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. രണ്ടാമത്‌ ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ മുൻതൂക്കമുള്ള ദുബായ്‌ പിച്ചിൽ ബാബർ രണ്ടാമതൊന്ന്‌ ആലോചിച്ചില്ല.

പാകിസ്ഥാന്‌ ആശിച്ച തുടക്കമായിരുന്നു. ഇന്ത്യയുടെ പ്രതീക്ഷ തുടക്കത്തിൽത്തന്നെ മങ്ങി. അഫ്രീദിയുടെ വേഗത്തിനുമുന്നിൽ ആദ്യം രോഹിത്‌ ശർമ തളർന്നു. നേരിട്ട ആദ്യപന്തിൽത്തന്നെ വിക്കറ്റിനുമുന്നിൽ കുരുങ്ങി. അഫ്രീദിയുടെ കൃത്യതയുള്ള യോർക്കർ ഇടതു കണങ്കാലിന്‌ തൊട്ടുമുന്നിൽ കുത്തി. റിവ്യൂ നൽകാൻ കാത്തുനിന്നില്ല രോഹിത്‌.
അഫ്രീദിയുടെ രണ്ടാം ഓവറിന്റെ ആദ്യപന്തിൽ ലോകേഷ്‌ രാഹുലും (3) പുറത്ത്‌. ഇന്ത്യയുടെ സ്‌കോർ രണ്ടിന്‌ ആറ്‌ റൺ. ക്യാപ്‌റ്റൻ കോഹ്‌ലി ശ്രദ്ധയോടെയാണ്‌ തുടങ്ങിയത്‌. മറുവശത്ത്‌ സൂര്യകുമാർ യാദവ്‌ ഭയക്കാതെ കളിച്ചെങ്കിലും ഏറെ മുന്നേറാനായില്ല. അഫ്രീദിയെ സിക്‌സർ പറത്തിയ സൂര്യകുമാർ ഹസൻ അലിക്ക്‌ ഇരയായി. വിക്കറ്റ്‌ കീപ്പർ മുഹമ്മദ്‌ റിസ്വാന്‌ ക്യാച്ച്‌ നൽകുമ്പോൾ സൂര്യകുമാറിന്റെ സ്‌കോർ എട്ട്‌ പന്തിൽ 11. ഇന്ത്യ മൂന്നിന്‌ 31. കോഹ്‌ലിയും പന്തും (30 പന്തിൽ 39) ചേർന്ന്‌ കരകയറ്റാൻ ശ്രമം തുടങ്ങി. പാക്‌ ബൗളർമാരും ഫീൽഡർമാരും അച്ചടക്കം കാട്ടിയതോടെ റൺനിരക്ക്‌ ഇടിഞ്ഞു. കോഹ്‌ലിക്ക്‌ സ്വതസിദ്ധമായ കളി പുറത്തെടുക്കാനായില്ല.

പന്ത്രണ്ടാം ഓവറിൽ ഹസൻ അലിയെ രണ്ട്‌ സിക്‌സർ പായിച്ച്‌ പന്ത്‌ ആക്രമണത്തിന്‌ തുടക്കം നൽകി. പക്ഷേ, തൊട്ടടുത്ത ഓവറിൽ ഷദാബ്‌ ഷാൻ പന്തിനെ വീഴ്‌ത്തി. കൂറ്റനടിക്ക്‌ ശ്രമിച്ച പന്ത്‌ ഷദാബിന്റെ കൈയിൽത്തന്നെ ഒതുങ്ങി. 40 പന്തിൽ 53 റണ്ണാണ്‌ കോഹ്‌ലി–-പന്ത്‌ സഖ്യം നേടിയത്‌.

ഇതിനിടെ, കോഹ്‌ലി അരസെഞ്ചുറി പൂർത്തിയാക്കി. കോഹ്‌ലിക്ക്‌ കൂട്ടായി രവീന്ദ്ര ജഡേജയെത്തി. 33 പന്തിൽ 41 റണ്ണാണ്‌ ജഡേജയും കോഹ്‌ലിയും കൂട്ടിച്ചേർത്തത്‌. പത്തൊമ്പതാം ഓവറിൽ അഫ്രീദി കോഹ്‌ലിയെ പുറത്താക്കി. എങ്കിലും ആ ഓവറിൽ 17 റണ്ണെടുക്കാൻ ഇന്ത്യക്ക്‌ കഴിഞ്ഞു.

എട്ട്‌ പന്തിൽ 11 റണ്ണെടുത്ത പാണ്ഡ്യ അവസാന ഓവറിന്റെ മൂന്നാം പന്തിൽ പുറത്തായതോടെ ആ ഓവറിൽ ആകെ ഏഴുറൺമാത്രമാണ്‌ ഇന്ത്യക്ക്‌ നേടാനായത്‌. അടുത്ത മത്സരത്തിൽ 31ന് ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

ഷഹീൻ പേസ്‌ അഫ്രീദി
ഷഹീൻ അഫ്രീദി ദുബായിൽ തീക്കാറ്റായി. ആദ്യ ഓവറിൽത്തന്നെ ഇന്ത്യൻ ബാറ്റിങ്‌ നിരയെ ഉലച്ചുകളഞ്ഞു ഈ പേസർ. ഇന്നിങ്‌സിലെ നാലാംപന്ത്‌ മൂളിപ്പറന്ന്‌ രോഹിത്‌ ശർമയുടെ കാലിൽ പതിച്ചപ്പോൾ ഇന്ത്യ ഞെട്ടി. അത്രയും കൃത്യതയായിരുന്നു അഫ്രീദിയുടെ പന്തിന്‌. രണ്ടാമത്തെ ഓവറിൽ രാഹുലിന്റെ കുറ്റിയും പിഴുതാണ്‌ മടങ്ങിയത്‌. ട്വന്റി–-20യിലെ അപകടകാരിയായ ബൗളറാണ്‌ അഫ്രീദി. ഓപ്പണർമാരുടെ പേടിസ്വപ്‌നം. മൂന്നുവർഷംമുമ്പായിരുന്നു അരങ്ങേറ്റം. 62 മത്സരങ്ങളിൽ കളിച്ചു. ഇതിൽ 22 തവണയും ആദ്യ ഓവറിൽ വിക്കറ്റ്‌ നേടി. ഒരുതവണ ആദ്യ ഓവറിൽ രണ്ട്‌ വിക്കറ്റും സ്വന്തമാക്കി.

യോർക്കറുകളാണ്‌ ഇരുപത്തൊന്നുകാരന്റെ മുഖ്യ ആയുധം. ഇടംകൈയിൽനിന്നുള്ള ഏറുകൾ ബാറ്റർമാരുടെ ഏകാഗ്രത തകർക്കും.
ലോകകപ്പിൽ രോഹിതിനും രാഹുലിനും അഫ്രീദിയുടെ വേഗവും കൃത്യതയും തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇന്ത്യക്കെതിരെ അവസാന ഓവറിൽ നോബോളും ഓവർ ത്രോയും ഉൾപ്പെടെ റൺ ഏറെ വഴങ്ങിയെങ്കിലും കോഹ്-ലിയെയും മടക്കാൻ കഴിഞ്ഞു അഫ്രീദിക്ക്.

Related posts

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം; ഹൈക്കോടതി

Aswathi Kottiyoor

മയിലമ്മ പുരസ്‌കാരം അഡ്വ. രശ്‌മിത രാമചന്ദ്രന് .

Aswathi Kottiyoor

രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ പിന്നീട് ചത്തു.*

Aswathi Kottiyoor
WordPress Image Lightbox