കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ (സിപിസി) രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് ലൈന്‍ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിസി അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈല്‍ഡ്‌ലൈനുമായി ചേര്‍ന്ന് പരിശീലനവും നല്‍കും. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്ന കുട്ടികള്‍ ഇത് സഹായകരമാവും.
മുഴുവന്‍ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബാലസൗഹൃദ ചുമര്‍ ചിത്രങ്ങളും ഹെല്‍പ്‌ലൈന്‍ നമ്പറുകളും പ്രദര്‍ശിപ്പിക്കുവാന്‍ ഡിഡിപി, ഡിഎംഒ എന്നിവര്‍ക്കും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പൊതുഗതാഗത സംവിധാനങ്ങളിലും ചൈല്‍ഡ്‌ലൈനിന്റെയും പൊലീസിന്റെയും മറ്റ് ഹെല്‍പ്പ്‌ലൈന്‍, ടോള്‍ ഫ്രീ നമ്പറുകളും പ്രദര്‍ശിപ്പിക്കുന്നതിന് കലക്ടര്‍ ആര്‍ ടി ഒക്ക് നിര്‍ദ്ദേശം നല്‍കി. മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി കുടുംബശ്രീയുമായി ചേര്‍ന്ന് ‘അമ്മ അറിയാന്‍’ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സിഡിഎസ്, എഡിഎസ് മെമ്പര്‍മാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാ യുവജന ക്ഷേമ ബോര്‍ഡും നെഹ്‌റു യുവകേന്ദ്രവും സഹകരിച്ച് കുട്ടികളുടെ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തണം. റെയില്‍വെ സ്റ്റേഷനുകളിലും അസ്വാഭാവിക സാഹചര്യങ്ങളില്‍ കണ്ടെത്തുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് റെയില്‍വേ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം രൂപീകരിക്കാനും ജി ആര്‍ പി, ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി സംവിധാനങ്ങളുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് പ്രധാന അധ്യാപകര്‍ക്കുള്ള പരിശീലനം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ എസ് പി പ്രിന്‍സ് എബ്രഹാം, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം പി വിനോദ്, ചൈല്‍ഡ്‌ലൈന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ മനോജ് ജോസഫ്, ജില്ലാ കോ ഓഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.