23.4 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോവിഡ് സിറോ സർവേ: നാലിൽ മൂന്നു പേർക്കും കോവിഡ് വന്നുപോയിരിക്കാമെന്ന് ആരോഗ്യവകുപ്പ്
Kerala

കോവിഡ് സിറോ സർവേ: നാലിൽ മൂന്നു പേർക്കും കോവിഡ് വന്നുപോയിരിക്കാമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് നാലിൽ മൂന്നു പേർക്കും കോവിഡ് വന്നുപോയിരിക്കാമെന്ന് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ സൂചന. വാക്സീൻ എടുക്കാത്തവരിൽ 70.01 % പേരിലും ആന്റിബോഡി സാന്നിധ്യമുള്ളതായാണ് കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ കോവിഡ് ബാധിതർ 48.88 ലക്ഷം മാത്രമാണ്.

വാക്സീൻ എടുക്കാത്ത 18 വയസ്സിനു മുകളിലുള്ള 847 പേരിലാണ് ആന്റിബോഡി പരിശോധന നടത്തിയത്. ഇതിൽ 593 പേർ സിറോ പോസിറ്റീവ് ആയി. കോവിഡ് വന്നുപോയതുമൂലമോ വാക്സീൻ എടുത്തതുവഴിയോ ശരീരത്തിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡിയുള്ളവരെയാണ് സിറോ പോസിറ്റീവ് ആയി കണക്കാക്കുന്നത്.

നേരത്തേ കോവിഡ് ബാധിച്ച ഏതാണ്ട് 5% പേരിൽ കൊറോണവൈറസിനെ പ്രതിരോധിക്കാനാകുംവിധമുള്ള ആന്റിബോഡി സാന്നിധ്യമില്ലെന്നും കണ്ടെത്തി. കോവിഡ് ബാധിച്ച് ഏറെ കഴിയും മുൻപുതന്നെ ചിലരിലെങ്കിലും വൈറസിനെതിരായ പ്രതിരോധശേഷി നഷ്ടമാകുന്നുവെന്നാണ് ഇതു നൽകുന്ന സൂചന. കോവിഡ് ബാധിതരിൽ 95.55 % പേരിലും കോവിഡ് ബാധിക്കാത്തവരിൽ 81.7 % പേരിലുമാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

രണ്ടു ഡോസ് വാക്സീനും എടുത്തവരിൽ 89.92 % ആണു സിറോ പോസിറ്റിവിറ്റി. ശേഷിക്കുന്ന 10 ശതമാനത്തിലേറെപ്പേരിൽ ആന്റിബോഡി സാന്നിധ്യമില്ലാത്തത് നിശ്ചിത കാലത്തിനുശേഷം ബൂസ്റ്റർ ഡോസ് ആവശ്യമെന്നതിന്റെ സൂചനയാണ്. ഒരു ഡോസ് മാത്രമെടുത്തവരിൽ 81.7 % ആണു സിറോ പോസിറ്റിവിറ്റി. കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായിട്ടും കോവിഡ് സ്ഥിരീകരിക്കാത്തവർ 88.02 %.

ജില്ലകൾ തമ്മിലുള്ള അന്തരം അസ്വാഭാവികം

സിറോ പോസിറ്റിവിറ്റിയുടെ കാര്യത്തിൽ ജില്ലകൾ തമ്മിൽ വലിയ അന്തരവും സർവേയിൽ വ്യക്തമായി. പത്തനംതിട്ട ജില്ലയിലാണു സിറോ പോസിറ്റിവിറ്റി കൂടുതൽ– 92.35 %; ഏറ്റവും കുറവ് വയനാട് ജില്ലയിൽ – 70.76 %. ഒരേ സംസ്ഥാനത്ത് രണ്ടു ജില്ലകൾ തമ്മിൽ ഇത്രയും അന്തരം അസ്വാഭാവികമാണെന്നു വൈറോളജി വിദഗ്ധർ പറയുന്നു.

പ്രായപൂർത്തിയായവരിൽ 82.6 % പേരിലും കുട്ടികളിൽ 40.2 % പേരിലുമാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പ്രായവിഭാഗം തിരിച്ചുള്ള കണക്കിൽ 45–59 പ്രായക്കാരിലാണ് സിറോ പോസിറ്റിവിറ്റി കൂടുതൽ– 85.78 %. 60–74 പ്രായക്കാരിൽ 85.7%. അതേസമയം, ആദ്യഘട്ടത്തിൽ തന്നെ വാക്സീനെടുത്ത 75 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 77.24 % മാത്രമാണു സിറോ പോസിറ്റിവിറ്റി.

പുരുഷന്മാരും സ്ത്രീകളും തമ്മിൽ കാര്യമായ വ്യത്യാസമില്ല– യഥാക്രമം 82.77%, 82.47%. എപിഎൽ വിഭാഗക്കാരി‍ൽ പോസിറ്റിവിറ്റി 83.53 % ആണെങ്കിൽ ബിപിഎൽ വിഭാഗത്തിൽ 81.51% മാത്രം. നഗര, ഗ്രാമ വ്യത്യാസം കാര്യമായി ഇല്ല. കോർപറേഷനുകൾ– 82.75 %, മുനിസിപ്പാലിറ്റികൾ– 83.44%, പഞ്ചായത്തുകൾ– 82.15%.

Related posts

കേൾക്കൂ,താജ് മഹൽ കേക്കിന്റെ വിശേഷം കേളകം നോവ ബേക്കറിയിൽ*

Aswathi Kottiyoor

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

വന്യജീവി വാരാഘോഷം സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox