∙ സംസ്ഥാനത്ത് ഇന്നലെ മഴ കാര്യമായി പെയ്തില്ലെങ്കിലും അണക്കെട്ടുകളിൽ ഭൂരിഭാഗവും തുറന്നു തന്നെ. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ചെറുതോണി അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഇന്നലെ അടച്ചു. 2, 4 ഷട്ടറുകളാണ് ഉച്ചയ്ക്ക് ഒന്നിന് അടച്ചത്. ഇടമലയാർ അണക്കെട്ടിന്റെ 2 ഷട്ടറുകളും ഇന്നലെ ഉച്ചയോടെ അടച്ചു.
നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാൽ ചില ഡാമുകളിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചു. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളിൽ 17 എണ്ണത്തിന്റെയും, ജലസേചന വകുപ്പിന്റെ 20 ഡാമുകളിൽ 18 എണ്ണത്തിന്റെയും ഷട്ടറുകൾ ഇതു വരെ താഴ്ത്തിയിട്ടില്ല.
കെഎസ്ഇബിയുടെ ശബരിഗിരി പദ്ധതിയിലെ ആനത്തോട്, ഷോളയാർ, പൊൻമുടി, പെരിങ്ങൽകുത്ത്, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നിവിടങ്ങളിലെയും, ജലസേചന വകുപ്പിന്റെ പീച്ചി അണക്കെട്ടിലും റെഡ് അലർട്ട് നിലവിലുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 135.5 അടിയായി ഉയർന്നു. 142 അടിയാണ് പരമാവധി സംഭരണശേഷി.
ചെറുതോണി അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഇന്നലെ അടച്ചെങ്കിലും മൂന്നാം ഷട്ടർ നിലവിലുള്ള 35 സെന്റി മീറ്ററിൽ നിന്ന് 40 സെന്റി മീറ്ററായി ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 4 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഇതിലൂടെ പുറത്തു പോകുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ജലനിരപ്പ് 2398.20 അടിയായിരുന്നു ജലനിരപ്പ്.
നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അണക്കെട്ടിന്റെ 3 ഷട്ടറുകൾ തുറന്നത്. ഇന്നലെ ഒരു മണി വരെ 27.657 മില്യൻ ക്യുബിക് മീറ്റർ വെള്ളമാണ് ഈ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് ഒഴുകിയതെന്നു വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. 4 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇത്. ശരാശരി 25 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്.
നിലവിലെ ജലനിരപ്പ് ബ്ലൂ അലർട്ട് അളവിലും താഴെയെത്തിയതിനാലാണ് ഇടമലയാറിലെ ഷട്ടറുകൾ അടച്ചത്. പരമാവധി സംഭരണശേഷി 169 മീറ്ററായ ഡാമിന്റെ നിലവിലെ ജലനിരപ്പ് 165.13 മീറ്ററാണ്. സംഭരണശേഷിയുടെ 89.02 % ആണിത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ പെയ്തില്ല.