ജലഅതോറിറ്റി ഉപഭോക്താക്കൾക്കു സ്വയം മീറ്റർ റീഡിങ് എടുക്കാൻ സംവിധാനം നിലവിൽ വന്നു. ഓഫിസുകളിൽ നേരിട്ടെത്താതെ ശുദ്ധജല കണക്‌ഷൻ നേടാൻ ഇ-ടാപ്പ് സംവിധാനവും പ്രാബല്യത്തിലായി. ഇവ ഉൾപ്പെടെ പുതുതായി 5 വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ അതോറിറ്റി ആസ്ഥാനത്ത് നിർവഹിച്ചു. എംഡി: എസ്.വെങ്കിടേസപതി അധ്യക്ഷനായി.
സ്വയം മീറ്റർ റീഡിങ്
ബിൽ തയാറാകുമ്പോൾ ഉപഭോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് ലഭിക്കും. ഇതിലെ ലിങ്കിൽ പ്രവേശിച്ച് വാട്ടർ മീറ്റർ റീഡിങ് സ്വയം രേഖപ്പെടുത്തിയ ശേഷം മീറ്ററിന്റെ ഫോട്ടോ എടുത്തു നൽകണം.
ഇങ്ങനെ സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച് ബിൽതുക എസ്എംഎസായി അയയ്ക്കും. ഓൺലൈനായി പണവും അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ജലഅതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം: 1916.
ഇ–ടാപ്പ് സംവിധാനം
അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽ പോലും അപേക്ഷകൻ ഓഫിസിൽ എത്തേണ്ടതില്ലെന്നതാണ് ഇ–ടാപ്പ് സംവിധാനത്തിന്റെ പ്രത്യേകത.
ആദ്യ ഘട്ടമായി തലസ്ഥാനത്ത് പിടിപി നഗർ സബ് ഡിവിഷൻ, പാളയം സെക്‌ഷൻ, കോഴിക്കോട് ഡിസ്ട്രിബ്യൂഷൻ സബ്‍ ഡിവിഷൻ 1 എന്നിവിടങ്ങളിൽ ഓൺലൈൻ വഴി അപേക്ഷയ്ക്കു സൗകര്യമൊരുക്കി.
അനുബന്ധ രേഖകൾ സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ അയയ്ക്കണം. ഇതു പരിശോധിച്ച ശേഷം അതതു സെക്‌ഷൻ ഓഫിസുകളിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ച് സ്ഥല പരിശോധന നടത്തും.
തുടർന്നു പ്ലമറും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. വിവരങ്ങൾ എസ്എംഎസ് ആയി അറിയിക്കും. തുക ഓൺലൈനായി അടച്ചാലുടൻ കണക്‌ഷൻ നൽകാൻ നടപടി ആരംഭിക്കും.