23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മുന്നാക്ക സംവരണം: വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചതിനെതിരെ സുപ്രീം കോടതി.
Kerala

മുന്നാക്ക സംവരണം: വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചതിനെതിരെ സുപ്രീം കോടതി.

മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാനപരിധി 8 ലക്ഷം രൂപയായി നിശ്ചയിച്ചതിനു കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണു 8 ലക്ഷം രൂപ എന്ന പരിധി നിശ്ചയിച്ചതെന്നു കോടതി ചോദിച്ചു. അന്തരീക്ഷത്തിൽ നിന്നൊരു തുകയെടുത്തു പരിധിയായി നിശ്ചയിക്കാൻ കഴിയില്ല. സർക്കാർ നടപടി തുല്യരല്ലാത്തവരെയും തുല്യരാക്കും.

വരുമാനപരിധി നിർണയിക്കുമ്പോൾ, ഭൂമിശാസ്ത്രപരമോ സാമൂഹിക–സാമ്പത്തിക കാര്യങ്ങളോ സംബന്ധിച്ചു സർക്കാരിന്റെ പക്കൽ മതിയായ വിവരങ്ങളുണ്ടാകണമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

മെഡിക്കൽ കോഴ്സുകളിലേക്കുള്ള നീറ്റ് പ്രവേശനത്തിലെ അഖിലേന്ത്യ ക്വോട്ടയിൽ 10% മുന്നാക്ക സംവരണവും 27% ഒബിസി സംവരണവും നടപ്പാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിലാണു കോടതി സർക്കാരിനെ വിമർശിച്ചത്. കഴിഞ്ഞ 7നു കേസ് പരിഗണിച്ചപ്പോൾ മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധിയുടെ മാനദണ്ഡം ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല.

രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നൽകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സാമ്പത്തിക പിന്നാക്ക വിഭാഗം (ഇഡബ്ല്യുഎസ്) പരിധി സംബന്ധിച്ച വിജ്ഞാപനം മരവിപ്പിക്കുമെന്നുവരെ ഒരു ഘട്ടത്തിൽ കോടതി പറഞ്ഞു. മതിയായ രേഖ 2–3 ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്നു അഡീഷനൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

ഒബിസിയുടെ കാര്യത്തിൽ 8 ലക്ഷത്തിനു താഴെയുള്ള സാമൂഹിക, വിദ്യാഭ്യാസ പിന്നാക്ക അവസ്ഥ നേരിടുന്നവരാണ്. എന്നാൽ, മുന്നാക്ക സംവരണത്തിനുള്ള ഇഡബ്ല്യുഎസ്, സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയല്ലെന്നും കോടതി പറഞ്ഞു. മുന്നാക്ക പരിധി സർക്കാരിന്റെ നയപരമായ കാര്യമാണെന്ന കേന്ദ്ര സർക്കാർ വാദം അംഗീകരിച്ചെങ്കിലും ഇതിനു സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് അറിയണമെന്നായിരുന്നു കോടതിയുടെ നിലപാട്.

മുന്നാക്ക സംവരണത്തിനുള്ള വാർഷിക പരിധി നിശ്ചയിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ എന്തെല്ലാം? സാമ്പത്തിക സംവരണ നിയമ ഭേദഗതിക്കു തന്നെ അടിസ്ഥാനമായ എസ്.ആർ. സിൻഹോ കമ്മിഷൻ ശുപാർശ അടിസ്ഥാനമാക്കിയാണോ ശുപാർശകൾ? ഒബിസിക്കും ഇ ഡബ്ല്യുഎസിനും ഒരേ പരിധി നിശ്ചയിക്കുന്നതു പ്രശ്നമല്ലേ? പരിധി നിർണയത്തിൽ ഗ്രാമ–നഗര വ്യത്യാസം പരിഗണിച്ചിട്ടുണ്ടോ? വരുമാന പരിധി നിശ്ചയിക്കുമ്പോൾ സ്വത്തുവകകൾക്കു കിഴിവു നൽകിയതിന്റെ മാനദണ്ഡം തുടങ്ങിയ കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്. ഹർജി 28നു വീണ്ടും പരിഗണിക്കും.

Related posts

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ടെണ്ടർ എക്‌സസ് അനുവദിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ ഒമിക്രോണ്‍ രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്‌തു

Aswathi Kottiyoor

മണിപ്പുരിൽ 15 പള്ളി കത്തിച്ചു , 11 സ്കൂളും കത്തിച്ചു ; ബിജെപി പിന്തുണയുള്ള തീവ്രവാദ സംഘടനകൾ അഴിഞ്ഞാടുന്നു

Aswathi Kottiyoor
WordPress Image Lightbox