ഇരിട്ടി: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന എടൂർ- കമ്പനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ-ചരൾ- കച്ചേരിക്കടവ്-പാലത്തുംകടവ് റോഡിന്റെ പ്രവൃത്തി സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കങ്ങളും ആക്ഷേപങ്ങളും നിർദേശങ്ങളും ആക്ഷൻ കമ്മിറ്റി യോഗ തീരുമാനപ്രകാരം സണ്ണി ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിലുള്ള നിവേദക സംഘം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ കണ്ട് ചർച്ച നടത്തി. പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതിന് മന്ത്രി കെഎസ്ടിപി ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയതിനെതുടർന്ന് നിവേദകസംഘം ചീഫ് എൻജിനിയറുമായി വിശദമായ ചർച്ച നടത്തി. ഇതിന്റെ ഭാഗമായി അങ്ങാടിക്കടവ് – ചരൾ റോഡിനെ പ്രസ്തുത പദ്ധതിയിൽ ലിങ്ക് റോഡായി ഉൾപ്പെടുത്തുമെന്നും സ്ഥല ലഭ്യത ഉറപ്പുവരുത്തുന്ന പ്രദേശങ്ങളിൽ ഏഴു മീറ്റർ വീതിയിൽ ടാർ റോഡ് നിർമിക്കുമെന്നും വീതികുറഞ്ഞും കാലപ്പഴക്കം ഉള്ളതുമായ പാലങ്ങൾ പുനർനിർമിക്കുമെന്നും ചീഫ് എൻജിനിയർ ഡാർളിൻ കർമ്മലിറ്റ ഡിക്രുസ് ഉറപ്പ് നൽകി. റീബിൽഡ് കേരള പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റെടുത്തിട്ടുള്ള 21 റോഡുകളിൽ ഒന്നിനും സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകൾക്ക് പ്രതിഫലം നൽകാൻ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും ആയതിനാൽ പ്രതിഫലമില്ലാതെ സ്ഥലം ലഭ്യമാക്കുന്ന ആളുകളുടെ പൊളിച്ചുനീക്കേണ്ടിവരുന്ന മതിലുകളും ഗേറ്റുകളും മറ്റ് നിർമിതികളും പുനർനിർമിച്ചു നൽകുമെന്നും ചീഫ് എൻജിനിയർ ഉറപ്പ് നൽകിയാതായി ഭാരവാഹികൾ അറിയിച്ചു. ബാരാപോൾ പദ്ധതിയിൽ നിന്നുള്ള അണ്ടർ ഗ്രൗണ്ട് കേബിൾ മാറ്റുന്നതിനായി വൈദ്യുതി ബോർഡുമായി പ്രത്യേക ചർച്ച നടത്തി ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ചീഫ് എൻജിനിയർ അറിയിച്ചു.
നിവേദക സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം കെ. ജെ. സജീവൻ, കേൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു പഞ്ചായത്ത് മെംബർ ബിജോയ് പ്ലാത്തോട്ടം എന്നിവർ ഉണ്ടായിരുന്നു.
previous post