ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും തിരുത്താൻ തയ്യാറാകാത്ത കേരളത്തിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാത്തിരിക്കാമെന്ന പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്. അതീവ പരിസ്ഥിതിദുർബല പ്രദേശത്തും നീർത്തടത്തോട് ചേർന്നുമടക്കം 5924 ക്വാറികൾ കേരളത്തിലുണ്ടെന്നാണ് കണക്ക്.ഇതിന്റെ മൂന്നിലൊന്നിന് പോലും സർക്കാർ അനുമതിയില്ല. അതേസമയം, 2018-ലെ മഹാപ്രളയത്തിന് ശേഷവും 223 പുതിയ ക്വാറികൾക്ക് സർക്കാർ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.ജനവാസമേഖല, വനപ്രദേശം എന്നിവയ്ക്കരികിൽ ക്വാറികൾ അനുവദിക്കുന്നതിനുള്ള ദൂരപരിധി കുറയ്ക്കാൻ കേരളത്തിന് ഏറെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്. വനപ്രദേശത്തിന് അഞ്ചുകിലോമീറ്ററിന് പുറത്തുമാത്രമേ ഖനനം പാടുള്ളൂവെന്നായിരുന്നു കേന്ദ്രനിയമമനുസരിച്ച് കേരളത്തിന് ബാധകമായ വ്യവസ്ഥ. ഇത് 100 മീറ്റാറാക്കി കുറയ്ക്കാനാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്. ഇത് അനുകൂലമായപ്പോൾ ആലപ്പുഴ ജില്ലയിലൊഴികെയുള്ള ജില്ലകളിൽ 223 ക്വാറികൾക്ക് അനുമതി നൽകി.
സ്ഫോടനം നടത്താതെ 50 മീറ്ററിനുള്ളിൽ ഖനനത്തിന് അനുമതി കിട്ടും. ദൂരപരിധി കൂട്ടണമെന്ന് കോടതി നിർദേശിച്ചപ്പോഴും സർക്കാർ എതിർക്കുകയാണ് ചെയ്തത്. പരിസ്ഥിതിദുർബല മേഖലകളിൽ ക്വാറികൾക്ക് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് അനുമതി നൽകാറില്ല. പരിസ്ഥിതിദുർബല മേഖലകളായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇത്തരം സ്ഥലങ്ങളിൽ അനുമതി നൽകിയിരുന്നു. ഈ അനുമതി പുതുക്കി നൽകിയിട്ടില്ല. സ്ഥലപരിശോധന നടത്താതെയും പാരിസ്ഥിതികാനുമതിയില്ലാതെയും ക്വാറികൾക്ക് അനുമതി നൽകരുതെന്നാണ് സർക്കാർ തീരുമാനം. ഈ വ്യവസ്ഥകൾ പാലിക്കാനാകാത്ത ക്വാറികൾക്കൊന്നും അനുമതിപത്രങ്ങളില്ല. പക്ഷേ, നിർബാധം പ്രവർത്തിക്കുന്നുണ്ട്.
പരിശോധിച്ച് തിരുത്താം
സാങ്കേതികമായി എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ക്വാറികൾക്ക് അനുമതി നൽകുന്നത്. ദുരന്തങ്ങളുടെ സാഹചര്യത്തിൽ ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കാം- മുഖ്യമന്ത്രി പിണറായി വിജയൻ.