വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവന നൽകുന്ന വിശിഷ്ട വ്യക്തികൾക്കുള്ള കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതിയായ കേരള പുരസ്കാരങ്ങൾ എന്ന പേരിൽ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുകയെന്നു മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിലിൽ പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. പുരസ്കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ പുരസ്കാരവിതരണ ചടങ്ങ് നടത്തും. കേരള ജ്യോതി പുരസ്കാരം വർഷത്തിൽ ഒരാൾക്കാണ് നൽകുക.
കേരള പ്രഭ പുരസ്ക്കാരം രണ്ടുപേർക്കും കേരളശ്രീ പുരസ്കാരം അഞ്ചുപേർക്കും നൽകും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനക്കു ശേഷം, അവാർഡ് സമിതി പുരസ്കാരം നിർണയിക്കും.