ഹൈക്കോടതിയിലേക്ക് നിയമനം ലഭിച്ച നാലു പുതിയ അഡീഷണല്‍ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ്, ജില്ലാ ജുഡീഷറി രജിസ്ട്രാര്‍ പി.ജി. അജിത്കുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി.എസ്. സുധ, കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി. ജയചന്ദ്രന് എന്നിവരാണു ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുന്നത്.
ഹൈക്കോടതിയിലെ ഒന്നാം നമ്പര്‍ കോടതിയില്‍ രാവിലെ 10.15നു നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ ജഡ്ജിമാര്‍ ചുമതലയേല്‍ക്കുന്നതോടെ കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആകും.
സോഫി തോമസ്, സി.എസ്. സുധ എന്നിവര്‍ ഹൈക്കോടതി ജഡ്ജിമാരാകുന്നതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ആറാകും. ജസ്റ്റീസ് അനു ശിവരാമന്, ജസ്റ്റീസ് മേരി ജോസഫ്, ജസ്റ്റീസ് വി. ഷെര്‍സി, ജസ്റ്റീസ് എം.ആര്. അനിത എന്നിവരാണു നിലവിലുള്ള വനിതാ ജഡ്ജിമാര്‍.