പേരാവൂർ: സഹകരണ ഹൗസ് ബിൽഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സൊസൈറ്റി മുൻ പ്രസിഡന്റിനെ സിപിഎം പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും മാറ്റി. കെ. പ്രിയനെയാണ് നെടുംപൊയിൽ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. പകരം പുതിയ സെക്രട്ടറിയായി പി. പ്രഹ്ലാദനെ ഇന്നലെ ചേർന്ന ലോക്കൽ സമ്മേളനം തെരഞ്ഞെടുത്തു.
അതേസമയം, പേരാവൂർ സഹകരണ ആശുപത്രി വില്പന വിവാദത്തിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനായ കെ.പി. സുരേഷ്കുമാറിനെ നെടുംപൊയിൽ ലോക്കൽ കമ്മിറ്റിയിലേക്കും പേരാവൂർ ഏരിയാ സമ്മേളന പ്രതിനിധിയായും തെരഞ്ഞെടുത്തു. ഇത് പാർട്ടി അണികളിൽ ചർച്ചയായിട്ടുണ്ട്. 2018 ൽ വിവാദവുമായി ബന്ധപ്പെട്ട് പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ.പി. സുരേഷ്കുമാറിനെ ഞാലിൽ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. അന്ന് കോളയാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേഷ് കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.