സംസ്ഥാനത്ത് തുലാവർഷ കാലയളവിൽ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം മഴയും ആദ്യ 17 ദിവസത്തിനകം പെയ്തതായി കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. തുലാവർഷക്കാലമായ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികവും സംസ്ഥാനത്ത് ഇതിനകം പെയ്തു കഴിഞ്ഞു. തുലാവർഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. എന്നാൽ ഒക്ടോബർ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റർ മഴയാണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തുലാവർഷത്തിൽ ലഭിക്കേണ്ട മഴയെക്കാൾ അധികം മഴയാണ് ഇതിനകം പെയ്തത്. കാസർകോട് ജില്ലയിൽ 344 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റർ മഴ ലഭിച്ചു. കണ്ണൂരിൽ 376 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റർ മഴയും ഇതിനകം പെയ്തു. പത്തനംതിട്ട ജില്ലയിൽ സീസണിൽ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു.
ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് നേരത്തെതന്നെ സൂചന നൽകിയിരുന്നു. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളമുൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിനാൽ കേരളത്തിൽ 20 മുതൽ തുടർന്നുള്ള 34 ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലം ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദവും ചുഴലിക്കാറ്റും കാലാവസ്ഥാവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.