മധ്യകേരളത്തെ ദുരിതത്തിലാക്കി മഴ തുടരുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ആയിരക്കണക്കിന് പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയത്ത് 33ഉം ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ 19ഉം മീനച്ചിൽ താലൂക്കിൽ 13 ഉം കോട്ടയത്ത് ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 321 കുടുംബങ്ങളിലായി 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കും.
അതേസമയം, കഴിഞ്ഞദിവസം ഉരുൾപൊട്ടലുണ്ടായ കൊക്കയാറിലും കൂട്ടിക്കലിലും കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കൂട്ടിക്കലിൽ ആറു പേരെയും കൊക്കയാറിൽ എട്ട് പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പോലീസ് സംഘങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും റോഡ് ഒലിച്ചുപോയതുമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്.
കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിച്ചിരുന്നു. കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിനെത്തുടർന്നു കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു.