ഇന്ത്യൻ അണ്ടർ–19 ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അവി ബാരോട്ട് (29) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇന്നലെ അഹമ്മദാബാദിലെ വീട്ടിൽ വച്ച് അസ്വസ്ഥത തോന്നിയ അവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിയുടെ പിതാവ് 42–ാം വയസ്സിൽ മരണമടഞ്ഞിരുന്നു. ഭാര്യ നാലു മാസം ഗർഭിണിയാണ്. 2019–20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പർ–ബാറ്ററായ ബാരോട്ട് ഹരിയാന, ഗുജറാത്ത് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി20 മത്സരങ്ങളും കളിച്ചു. രഞ്ജി ഫൈനലിൽ ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറി നേടി (54). രണ്ടാം ഇന്നിങ്സിൽ 39 റൺസെടുത്ത് ടോപ് സ്കോററുമായി. 2015–16, 2018–19 സീസണുകളിൽ രഞ്ജി ഫൈനൽ കളിച്ച സൗരാഷ്ട്ര ടീമിലും അംഗമായിരുന്നു.
∙ ഹൃദയത്തോട് ചോദിക്കണം (ഡോ. പി.എസ്.എം.ചന്ദ്രൻ)
അവി ബാരോട്ടിന്റെ അകാല മരണം വീണ്ടും വീണ്ടുമുള്ള ഉണർത്തലാണ്. ഇന്ത്യൻ കായികരംഗം നിയന്ത്രിക്കുന്നവരെല്ലാം ആ യാഥാർഥ്യത്തിലേക്കു കണ്ണു തുറന്നേ തീരൂ. കായികരംഗത്തെത്തുന്ന ചെറുപ്പക്കാരെല്ലാം കരിയറിന്റെ തുടക്കത്തിൽ വിശദമായ ഹൃദയപരിശോധനയ്ക്കു വിധേയരാവണം. ഫുട്ബോൾ ഭരണസമിതിയായ ഫിഫ ഉൾപ്പെടെയുള്ളവരെല്ലാം ഇക്കാര്യം നിഷ്കർഷിക്കാറുണ്ട്. പക്ഷേ കോടിക്കണക്കിനു പേർ കായികരംഗത്തെത്തുന്ന ഇന്ത്യയിൽ ഇതു കൃത്യമായി നടക്കാറില്ല.
നമ്മുടെ ഹൃദയപരിശോധനകളെല്ലാം ഇസിജിയിൽ ഒതുങ്ങുന്നു. പലരും ഇക്കോ കാർഡിയോഗ്രാമിനു പോലും പോകാറില്ല. ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതി പോലെ ഏതുപ്രായക്കാരിലും കാണുന്ന അവസ്ഥകൾ നേരത്തേ കണ്ടെത്തി ചികിൽസിക്കാൻ ഇത് അത്യാവശ്യമാണ്. ഹൃദയപേശികൾക്ക് കട്ടി കൂടുന്ന അവസ്ഥയാണ് ഇത്.പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥയായതിനാൽ ചെറുപ്പത്തിൽത്തന്നെ ഇവ കണ്ടെത്താനാകും. ഈയിടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കളിക്കുന്നതിനു വിലക്കേർപ്പെടുത്തിയ യുവ ഫുട്ബോളർ അൻവർ അലിക്ക് ഈ അവസ്ഥയാണുള്ളത്. ഇത്തരക്കാരുടെ ഹൃദയത്തിന് കായികാധ്വാനം താങ്ങാനാവില്ല. കായിക താരങ്ങളല്ലെങ്കിലും കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. എത്രത്തോളം അധ്വാനമാവാം എന്ന കാര്യത്തിൽ നമ്മുടെ ഹൃദയത്തോടു അനുവാദം ചോദിക്കലാണ് അത്. എല്ലാം അതിനനുസരിച്ചു മതി. അമിതമായാൽ അധ്വാനവും ആപത്തു തന്നെ.