ചോക്ലേറ്റുണ്ടാക്കുമ്പോൾ പാലു ചേർക്കുമെന്നു നമുക്കറിയാം. തിരിച്ച്, പാലുണ്ടാകാൻ പശുവിന് ചോക്ലേറ്റ് കൊടുത്താലോ? സംഗതി കലക്കുമെന്നാണു മധ്യപ്രദേശിലെ ജബൽപുരിലുള്ള നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്.
കാലിത്തീറ്റയ്ക്കു പകരം നൽകാവുന്ന മധുരമുള്ള വൈറ്റമിൻ ചോക്ലേറ്റാണ് ഇവർ വികസിപ്പിച്ചത്. ധാതുസമ്പുഷ്ടമായ ഈ ചോക്ലേറ്റ് നൽകിയാൽ പാൽ വർധിക്കുമെന്നാണു കണ്ടെത്തൽ. പശുക്കളുടെ പ്രത്യുൽപാദനശേഷിയും കൂടും. പുല്ലിന്റെയും മറ്റും ലഭ്യത കുറവുള്ളപ്പോൾ ഈ മിഠായി അനുഗ്രഹമാകും.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് മിഠായി വിതരണം ചെയ്യുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. എസ്.പി. തിവാരി പറഞ്ഞു. ഒരെണ്ണത്തിന് 25 രൂപയാണു വില