പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ മൂന്നുദിവസമായി കർമസമിതി നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു.
മൂന്നാം ദിനം നിരാഹാരം കിടന്ന കർമസമിതി ചെയർമാൻ കെ. സനീഷിന് നാരാങ്ങാനീര് നല്കി സമാപന യോഗം കർമസമിതി കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു.
പണം നഷ്ടപ്പെട്ട സമരക്കാരുടെ പ്രശ്നങ്ങൾ അറിയാനോ പരിഹരിക്കാനോ സൊസൈറ്റി ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സി.പി.എം. തയ്യാറാവുന്നില്ലെന്ന് സിബി മേച്ചേരി പറഞ്ഞു.
അതിനാൽ സമരമുഖവും സമരരീതിയും മാറ്റുകയാണ്. ചിട്ടി തുടങ്ങുന്ന കാലത്തെ ഭരണസമിതിയുടെ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് ശനിയാഴ്ച പകൽ 12-ന് മാർച്ചും ധർണയും നടത്തും.
കൊമ്മേരിയിൽനിന്ന് ആരംഭിക്കുന്ന ധർണയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കുമെന്നും കർമസമിതി അറിയിച്ചു. സമാപന പൊതുയോഗത്തിൽ മാത്യു തോട്ടത്തിൽ, കെ.വി. മോഹനൻ, ടി.ബി. വിനോദ്, സുഭാഷിണി ഉണ്ണിരാജ്, മിനി മാത്യു കാനാശ്ശേരി, വിനോദ് കാക്കയങ്ങാട്, രാജേഷ് മണ്ണാർകുന്നേൽ എന്നിവർ സംസാരിച്ചു.