സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒക്ടോബര്‍ 16ന് വൈകീട്ട് മൂന്നിന്. വെള്ളം, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, ഒരിലത്തണലില്‍, ആണും പെണ്ണും, കയറ്റം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സീ യൂ സൂണ്‍ തുടങ്ങി 80 സിനിമകളാണ് മത്സര രംഗത്തുള്ളത്. പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനമാണ് ശനിയാഴ്ച നടക്കുന്നത്.
നടി സുഹാസിനിയാണ് അന്തിമ ജൂറി അദ്ധ്യക്ഷ. സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി എന്നിവര്‍ പ്രാഥമിക ജൂറി അദ്ധ്യക്ഷന്മാരാണ്. മത്സരരംഗത്തുള്ള സിനിമകള്‍ പ്രാഥമിക ജൂറി കണ്ടിട്ടുണ്ട്. അവയില്‍ നിന്ന് മികച്ച 30 സിനിമകള്‍ അന്തിമ ജൂറിയുടെ പരിഗണനക്കായി ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
അതേസമയം സംവിധായകരായ സിദ്ധാര്‍ഥ് ശിവ, മഹേഷ് നാരായണ്‍, ജിയോ ബേബി, അശോക് ആര്‍. നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നിവരുടെ രണ്ട് സിനിമകള്‍ വീതം മത്സര രംഗത്തുണ്ട്. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടന്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. ശോഭന, അന്നാ ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരുടെ പേരാണ് മികച്ച നടിക്കുള്ള പട്ടികയിലുള്ളത്.