ഇരിട്ടി : ഇരിട്ടി മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ തുടങ്ങിയ മഴയ്ക്ക് വൈകുന്നേരം നാല് മണിയോടെ ശമനമുണ്ടായെങ്കിലും മഴ തുടരുകയാണ്. ആകാശം മേഘാവൃതമാണ്. മഴ ശക്തമായി തുടർന്നത് ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തങ്ങൾക്ക് കാരണമാകുമോ എന്ന ഭീതിയിലാണ് മലയോര മേഖലയിലെ ജനങ്ങൾ .
തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഇരിട്ടി താലൂക്ക് ആശുപത്രി പുതിയ ഒ പി ബ്ലോക്ക് മുറ്റത്തും വെള്ളം കയറി. വർഷങ്ങളായി മഴക്കാലത്ത് ഇരിട്ടി ബ്ലോക്ക് ഓഫീസ് മുറ്റത്തും അകത്തും വെള്ളം കയറുന്നത് പതിവായതോടെ പയഞ്ചേരി മുക്ക് മുതൽ എസ് ബി ഐ വരെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഓവുചാൽ വീതികൂട്ടുകയും റോഡ് ഉയർത്തി നവീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നതിന് ശമനമുണ്ടായെങ്കിലും ബ്ലോക്ക് ഓഫീസ് മുറ്റത്തേക്ക് വെള്ളം ഇരച്ചു കയറുന്നതിന് ശമനമുണ്ടാക്കാനായില്ല. ശക്തമായ മഴപെയ്യുമ്പോൾ മുറ്റത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം ഓഫിസിന്റെ താഴത്തെ മുറികളിലേക്കും എത്തുന്നു. ഓഫീസിലെത്തേണ്ടവർ മുട്ടോളം ചെളി വെള്ളത്തിൽ തപ്പിത്തടഞ്ഞ് പോകേണ്ട അവസ്ഥയാണ്.
ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ഒ പി ബ്ലോക്കിന്റെ മുൻവശത്തെ മുറ്റവും തിങ്കളാഴ്ച്ച പെയ്ത കനത്തമഴയിൽ വെള്ളത്തിലായി. ഒ പി യിലെത്തുന്നവർക്ക് കാത്തിരിപ്പു കേന്ദ്രമായി ഒരുക്കിയ മുറിക്കകത്തേക്കും വെള്ളം കയറി. ഇന്റർലോക്ക് പാകിയ മുറ്റമാണ് മണിക്കൂറുകളോളം വെള്ളമൊഴുകിപ്പോകാതെ തടാകസമാനമായി മാറിയത്. മുറ്റത്ത് അടുത്തിടെ പാകിയ ഇന്റർലോക്കുകൾ മാസങ്ങൾക്കുള്ളിൽ തന്നെ ഇളകി നാശോന്മുഖമായിരുന്നു. ആശുപത്രിയുടെ ഒ പി കൂടാതെ ഡയാലിസിസ് സെന്ററും ഈ ബ്ളോക്കിലാണ് പ്രവർത്തിക്കുന്നത്.
previous post