ഇന്‍സ്റ്റാഗ്രാമില്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ആപ്പിനുള്ളില്‍ തന്നെ സൗകര്യമൊരുങ്ങുന്നു. അടുത്തിടെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ ആഗോള തലത്തില്‍ രണ്ട് തവണ തടസപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഒക്ടോബര്‍ നാലിന് രാത്രി ആറ് മണിക്കൂറോളം നേരമാണ് ഫെയ്‌സ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടത്. ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്ന് മാത്രമല്ല കമ്പനിയ്ക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനും ഇത് ഇടയാക്കി.
ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാവുമ്പോള്‍ ട്വിറ്റര്‍, ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് എന്നിവയെയാണ് ഉപഭോക്താക്കള്‍ സാധാരണ ആശ്രയിക്കാറുള്ളത്.
എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കമ്പനിയെ നേരിട്ടറിയിക്കാന്‍ ഒരു എളുപ്പമാര്‍ഗമാണ് ഈ ഫീച്ചറിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.