സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയ്‌ക്ക് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടത്തിൽ മറ്റ് ജയിലുകളിലും നടപ്പാക്കും. ഇതുവഴി തടവുകാരെ കൃതമായി നിരീക്ഷിക്കാനാവും. ജയിൽ വകുപ്പിന് കീഴിൽ ഇന്റലിജൻസ് സംവിധാനവും ആലോചനയിലുണ്ട്. പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായം ഇതിന് തേടും. ഇതിനുള്ള വിശദപദ്ധതി ജയിൽ മേധാവി ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.
സംസ്ഥാനത്തെ ജയിലുകളിൽ സിസിടിവി ക്യാമറയുണ്ടെങ്കിലും പ്രവർത്തനം വേണ്ടത്ര കാര്യക്ഷമമല്ല. തടവുകാരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിലും പോരായ്‌മയുണ്ട്. ഡ്രോൺ ക്യാമറകൾ ഇതിന് പരിഹാരമാകും. ജയിലിനകത്ത് ചടങ്ങുകൾ നടക്കുമ്പോഴും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനാകും.
നിലവിൽ ജയിൽ വകുപ്പിന് കീഴിൽ ഇന്റലിജൻസ് വിഭാഗമില്ല. സൂപ്രണ്ടുമാരുടെ റിപ്പോർട്ടുകൾ മാത്രമാണ് ഇക്കാര്യത്തിൽ മേധാവികൾക്ക് കിട്ടുക. വിയ്യൂർ സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചത് സിറ്റി പൊലീസ് ഇന്റലിജൻസ് വിഭാഗമാണ് അന്വേഷിച്ചത്. സംസ്ഥാനത്തെ 55 ജയിലിലും മൂന്ന് പേർ വീതമുള്ള ഇന്റലിജൻസ് സംവിധാനം പരിഗണനയിലാണ്. രണ്ട് പേർ പൊലീസിൽനിന്നും ഒരാൾ ജയിൽ വകുപ്പിൽനിന്നും എന്ന രീതിയിലാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകുക.
ജയിലിലേക്ക് വരുന്നവരെ പരിശോധിക്കാൻ ബോഡി സ്‌കാനറും ആലോചനയിലുണ്ട്. മടങ്ങിവരുന്ന തടവുകാർ കഞ്ചാവ് അടക്കമുള്ളവ കടത്തുന്നത് പിടികൂടാൻ സ്‌കാനറുകൾക്ക് കഴിയും.