നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ കോവിഡ് ബാധിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനവും ചെയ്തു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയ മകനായി 1948 മേയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇതാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കിയത്.
1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി.
അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു.