വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യമുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.
നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നു പലതവണ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. വാക്കാലുള്ള ഉറപ്പിനപ്പുറം നിരക്കു പരിഷ്കരിക്കുന്ന നടപടിയൊന്നും കാണുന്നില്ല. ഡീസലിന് 60 രൂപയുണ്ടായിരുന്ന സമയത്തെ ടിക്കറ്റ് നിരക്ക് തന്നെയാണ് ലീറ്ററിന് 98 രൂപ പിന്നിടുമ്പോഴുമുള്ളത്. പ്രതിസന്ധിയില്‍ മുന്നോട്ടു പോകാനാകില്ല. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാനാകില്ല.
സമാന സംഘടനകളുമായി ചേര്‍ന്ന് സര്‍വീസ് മരവിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കുറഞ്ഞ നിരക്ക് 10 രൂപയായി ഉയര്‍ത്തുകയും ആനുപാതികമായി വിദ്യാര്‍ഥികളുടെ നിരക്കും കൂട്ടണമെന്നാണു ഗതാഗതമന്ത്രിക്കു നല്‍കിയ നിവേദനത്തിലുള്ളത്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പായി ഇക്കാര്യം പരിഗണിക്കണമെന്നാണു ബസുടമകളുടെ ആവശ്യം.