പാലക്കാട് മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി. വാളയാറില്‍ നിന്ന് പുറപ്പെട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉള്‍ക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ സുനില്‍ കൃഷ്ണന്‍ പ്രതികരിച്ചു.
കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരു സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടര്‍ന്ന് രാത്രി മുഴുവന്‍ പാറപ്പുറത്തിരിക്കുകയായിരുന്നു.
മലമ്പുഴ ഇന്‍സ്പെക്ടര്‍ സുനില്‍കൃഷ്ണന്‍, വാളയാര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. ജലീല്‍ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘം തണ്ടര്‍ബോള്‍ട്ട് ടീമിനൊപ്പം വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് കാട്ടില്‍ക്കയറിയത്. മലമ്പുഴയില്‍നിന്ന് അയ്യപ്പന്‍പൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി കാട്ടിലേക്ക് കടന്നു. തുടര്‍ന്ന്, വന്യമൃഗങ്ങളുള്ള ഉള്‍ക്കാട്ടില്‍ കനത്തമഴയും പ്രതികൂല കാലാവസ്ഥയും വന്നപ്പോള്‍ വനത്തില്‍ വഴിതെറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകീട്ടോടെയാണ് വനത്തില്‍ പോലീസ് സംഘം കുടുങ്ങിയവിവരം അറിയുന്നത്.
രാവിലെ ആറ് മണിയോടെ വാളയാറില്‍ നിന്ന് എട്ടംഗ സംഘവും മലമ്പുഴ കവയില്‍ നിന്നുള്ള സംഘവും പോലീസുകാരെ തിരഞ്ഞ് വനത്തിലേക്ക് പോയിട്ടുണ്ട്.