കേബിളും സാറ്റലൈറ്റും ഓൺലൈനും വിപണി കൈയടക്കി കാഴ്‌ചക്കാരും കുറഞ്ഞതോടെ ഭൂതല സംപ്രേഷണം ദൂരദർശൻ അവസാനിപ്പിക്കുന്നു. കോഴിക്കോട് നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന് നിർത്തും. മാർച്ചോടെ രാജ്യത്തെങ്ങുമുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കുന്നതിന് മുന്നോടിയായാണിത്.
ദൂരദർശന്റെ മലയാളം പരിപാടികളും ഇതര ഭാഷാ പരിപാടികളും സൗജന്യമായി പ്രേക്ഷകരിലെത്തിയിരുന്നത് ഇതുവഴിയായിരുന്നു. ഡിജിറ്റലിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തെ 412 റിലേ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ആദ്യഘട്ടമാണിത്. കോഴിക്കോടുൾപ്പെടെ സംസ്ഥാനത്തെ 11 കേന്ദ്രങ്ങളും ഇതിലുൾപ്പെടും. ലക്ഷദ്വീപ്, അട്ടപ്പാടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള റിലേയായിരുന്നു കോഴിക്കോട്ടുനിന്നുണ്ടായിരുന്നത്.
യുഎച്ച്‌എഫ് ചാനൽ 26 (ഫ്രീക്വൻസി 511.25 മെഗാഹെട്‌സ്)നാണ് പൂട്ടുവീഴുന്നത്. ഈ ഫ്രീക്വൻസി 5ജി ലേലത്തിൽ വിൽക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതുവഴി പതിനായിരം കോടിയിലധികം രൂപ സമാഹരിക്കാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
അതേസമയം, പൂട്ടുവീഴുന്ന കേന്ദ്രങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ എന്തുചെയ്യണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. 25 മുതൽ 30 ശതമാനം വരെ ജീവനക്കാർ അധികമാകുന്ന സാഹചര്യമാണുണ്ടാവുക. സ്വയം വിരമിക്കലിനുള്ള അവസരം പോലും നൽകിയിട്ടില്ല. തമിഴ്‌നാട്ടിലെ ഭൂതല സംപ്രേഷണ കേന്ദ്രം പൂട്ടിയപ്പോൾ ജോലി നഷ്ടമായ ജീവനക്കാരൻ ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. മറ്റു കേന്ദ്രങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.