21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ മറ്റൊരു പാലാരിവട്ടമോ?;തൂണുകള്‍ നിര്‍മിച്ചത് ആവശ്യത്തിന് കമ്പിയില്ലാതെ.
Uncategorized

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ മറ്റൊരു പാലാരിവട്ടമോ?;തൂണുകള്‍ നിര്‍മിച്ചത് ആവശ്യത്തിന് കമ്പിയില്ലാതെ.

മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 74.63 കോടി രൂപ ചെലവിൽ നിർമിച്ച 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്റെ പഠനറിപ്പോർട്ട്.

ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിർമിച്ചത്. അതുകൊണ്ട് അറ്റകുറ്റപ്പണിനടത്തി ബലപ്പെടുത്താൻ ടെർമിനൽ ആറുമാസം അടച്ചിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് സർവീസ് മാറ്റാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് യോഗം വിളിക്കാൻ കളക്ടർക്ക് ഗതാഗതവകുപ്പ് നിർദേശം നൽകി.

കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയർന്നിരിക്കുന്നത്.

പാർക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണൽ ഷോപ്പിലേക്ക് മാറ്റും. ആറുമാസം കഴിഞ്ഞേ ഷോപ്പിങ് കോംപ്ലക്സ് ഏറ്റെടുത്ത അലിഫ് ബിൽഡേഴ്സിൽനിന്ന് വാടക ഈടാക്കുകയുള്ളൂ. ടെർമിനൽ നിർമാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിന് മേൽനോട്ടംവഹിച്ച ചീഫ് എൻജിനിയറെയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി. 2015-ൽ ഉദ്ഘാടനംചെയ്ത ടെർമിനൽ ഓഗസ്റ്റിലാണ് 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി അലിഫ് ബിൽഡേഴ്സിന് കൈമാറിയത്.

ബലപ്പെടുത്തുന്നതുവരെ വാടകലഭിക്കില്ലെന്നു മാത്രമല്ല ഷോപ്പിങ് കോംപ്ലക്സ് ലേലത്തിൽ നൽകി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കും തിരിച്ചടിയായിരിക്കുകയാണ്. അലിഫ് ബിൽഡേഴ്സിൽനിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താൻ കെ.ടി.ഡി.എഫ്.സി. മുടക്കണം. നിക്ഷേപവും സ്റ്റാമ്പ് ഡ്യൂട്ടിയും ഉൾപ്പെടെ 21 കോടി മുടക്കിയ കമ്പനിയും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടത്തിന് ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി ആകർഷകമാക്കാൻ അലിഫ് ഒരു ആർക്കിടെക്റ്റിനെ നിയോഗിച്ചിരുന്നു.

ബലപ്പെടുത്തൽ കഴിഞ്ഞശേഷമേ അവർക്കും നവീകരണം തുടങ്ങാൻ കഴിയുള്ളൂ. തൂണുകൾക്ക്‌ ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത്‌ ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു.

ടെർമിനൽ രൂപകല്പന ചെയ്തതുതന്നെ ബസ് സർവീസിന് പ്രാധാന്യം നൽകാതെയാണ്. അതിനുപുറമേയാണ് നിർമാണത്തിൽ വ്യാപകക്രമക്കേടുണ്ടെന്ന കണ്ടെത്തൽ.

Related posts

നെയ്യാറ്റിൻകരയിൽ വാനിൽ നിന്നും 1300 കിലോ പാൻമസാല പിടിച്ചു

Aswathi Kottiyoor

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

അവയവദാന സമ്മപത്രമെഴുതി 20 ദിവസത്തിന് ശേഷം 23 കാരൻ ജീവനൊടുക്കി

WordPress Image Lightbox