നോക്കുകൂലിയെന്ന വാക്ക് ഇനി കേള്ക്കാനിടയാവാത്തവിധം കേരളത്തില്‍നിന്നു തുടച്ചുനീക്കണമെന്നും ഇതിനായി കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും ഹൈക്കോടതി. ടൂറിസത്തിനു മാത്രമല്ല നിക്ഷേപത്തിനും അനുയോജ്യമായ സംസ്ഥാനമായി കേരളം മാറണം. അവകാശങ്ങള്‍ നേടിയെടുക്കാന്‍ യൂണിയനുകള്‍ അനിവാര്യമാണെങ്കിലും അക്രമസ്വഭാവമുള്ള യൂണിയനുകള്‍ വേണ്ടെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടല്‍ നിര്‍മാണം തടസപ്പെടുത്തുന്നെന്നാരോപിച്ച് കൊല്ലം അഞ്ചല്‍ സ്വദേശിയായ ടി.കെ. സുന്ദരേശന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. അന്നു മുതല്‍ കേരളത്തിനു പുതിയൊരു പ്രതിഛായ ഉണ്ടാവുമെന്ന പ്രത്യാശയും കോടതി പ്രകടിപ്പിച്ചു. കയറ്റിറക്ക് ജോലികള്‍ക്ക് നിലവിലെ പൂളിലുള്ള തൊഴിലാളികളെ നിയോഗിക്കണമെന്നു ഹര്‍ജിക്കാരനോടു നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നതെന്നു യൂണിയനുകള്‍ മനസിലാക്കണം. നിക്ഷേപങ്ങള്‍ വരുമ്പോള്‍ തൊഴിലവസരങ്ങള്‍ കൂടുമെന്നു തിരിച്ചറിയണം. വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവരുത്. അക്രമമല്ല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. ആക്രമണസ്വഭാവമുള്ള തൊഴിലാളി യൂണിയനുകളാണ് കേരളത്തിലുള്ളതെന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഹെഡ്ലോഡ് വര്‍ക്കേഴ്സ് ആക്ട് നടപ്പാക്കിയാല്‍ ഇതു മാറും.
സ്വന്തം ജനങ്ങള്‍ക്കു നേരേയല്ല വിപ്ലവം നയിക്കേണ്ടത്. തിരുവനന്തപുരത്ത് വിഎസ്എസ് സിയിലേക്ക് വന്ന വാഹനം തടഞ്ഞ സംഭവം രാജ്യത്താകെ കേരളത്തിന്റെ പേരു മോശമാക്കി. തൊഴില്‍ നിഷേധിക്കപ്പെട്ടാല്‍ തൊഴിലാളികള്‍ ക്ഷേമബോര്‍ഡിനെ സമീപിക്കണം. ഇങ്ങനെ സമീപിച്ചാല്‍ ബോര്‍ഡ് പരിഹാരം കാണണം. നിയമത്തില്‍ വിശ്വസിക്കുകയും അതു പാലിക്കുകയും വേണമെന്നും ഹൈക്കോടതി പറഞ്ഞു.