കണിച്ചാർ: കാട്ടാനയെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 8.5 കിലോമീറ്റർ ദൂരത്തിൽ വൈദ്യുത തൂക്കുവേലി (ഹാംഗിംഗ് ഫെൻസ്) സ്ഥാപിച്ചു. നാലുമീറ്റർ ഉയരത്തിൽ മരങ്ങൾ വഴി വിലങ്ങനേ സ്ഥാപിക്കുന്ന കമ്പിയിൽനിന്നു വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ കുത്തനെ താഴേയ്ക്ക് തൂക്കിയിട്ടാണ് വേലി ഒരുക്കിയത്. 60 സെന്റീമീറ്റർ മുതൽ ഒരു മീറ്റർ അകലമിട്ടാണ് താഴേക്ക് കന്പികൾ തൂക്കിയിട്ടിരിക്കുന്നത്.
വൈദ്യുത തൂക്കുവേലി ഫലവത്തായതിന്റെ ആശ്വാസത്തിലാണിപ്പോൾ കണിച്ചാർ മുതൽ പാലപ്പുഴ വരെയുള്ള പ്രദേശങ്ങളിലെ പുഴയോരവാസികൾ. രണ്ടു മാസം മുന്പ് വേലി നിർമിക്കാൻ തുടങ്ങിയതു മുതൽ ദിവസേന കാട്ടാനകൾ പുഴയോരത്തെ തൂക്കുവേലിക്ക് സമീപമെത്തി വൈദ്യുതാഘാതമേറ്റ് മടങ്ങുകയാണ്. ഓരോ ദിവസവും നിർമിക്കുന്ന ഭാഗങ്ങളിൽ വൈദ്യുതി കടത്തിവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
അവസാനമായി ബാക്കിയുണ്ടായിരുന്ന 500 മീറ്ററിന്റെ പ്രവൃത്തി ഞായറാഴ്ചയോടെയാണ് പൂർത്തിയായത്. കാട്ടാനകൾ വേലി മറികടക്കാൻ പലവിധത്തിൽ ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് ജനകീയ കൂട്ടായ്മ വൈദ്യുത തൂക്കുവേലിയെക്കുറിച്ച് ആലോചിക്കുന്നതും താമസംവിനാ നടപ്പാക്കിയതും. ഇതോടെ ഇനി സ്വസ്ഥമായി കിടന്നുറങ്ങാമെന്ന ആശ്വാസത്തിലാണ് പ്രദേശത്തെ ജനങ്ങളിപ്പോൾ.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ്, വിവിധ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ജനകീയ ഉദ്യമത്തിന് പ്രോത്സാഹനം നൽകി. ബേബി കുര്യൻ പൂത്തോണം, ജോയി തൃക്കേകുന്നേൽ, സജു പാറശേരി, ജോഷി മുണ്ടയ്ക്കൽ, ജോസ് ഇടത്താഴെ, ജോജൻ ഇടത്താഴെ, ബിജിനു ജേക്കബ് തുടങ്ങിയവരാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.
കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആറളം ഫാമും ബാവലിപ്പുഴയും അതിർത്തിയായുള്ള പ്രദേശങ്ങളിലെ 230 ഓളം പേരുള്ള ജനകീയ വാട്ട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തൂക്കുവേലി നിർമിച്ചത്. വനംവകുപ്പ് വാച്ചർമാരടക്കമുള്ളവർ സാങ്കേതിക, നിർമാണ സഹായങ്ങളും നൽകി.
ഓരോ പ്രദേശത്തെയും പണികൾക്ക് ആ പ്രദേശത്തുള്ളവർ തന്നെയാണ് നേതൃത്വം നൽകിയത്. പ്രദേശത്തെ 400 കുടുംബങ്ങളുടെ സാന്പത്തിക സഹായവും വൈദ്യുത തൂക്കുവേലി നിർമാണത്തിന് സഹായമായി. എഴുന്നൂറിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. തൂക്കുവേലി വിജയമായതോടെ പാലപ്പുഴയിലെ പാലത്തിന് സമീപം താമസിക്കുന്ന ജനങ്ങളും ജനകീയ കൂട്ടായ്മയുടെ മാതൃക ഏറ്റെടുക്കുകയാണ്.