24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊലപാതകത്തിനിടെ പാതി പ്രസവിച്ചു; ഗര്‍ഭിണിയേയും മകനേയും കൊന്ന കേസില്‍ പ്രതിയുടെ ശിക്ഷ ഇന്ന്.
Kerala

കൊലപാതകത്തിനിടെ പാതി പ്രസവിച്ചു; ഗര്‍ഭിണിയേയും മകനേയും കൊന്ന കേസില്‍ പ്രതിയുടെ ശിക്ഷ ഇന്ന്.

മഞ്ചേരി: കാടാമ്പുഴ തുവ്വപ്പാറയില്‍ പൂര്‍ണ ഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി.

കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (ഏഴ്) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ടോമി വര്‍ഗീസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തെലുകളുമാണ് നിര്‍ണായകമായത്.

2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു. ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ ആസൂത്രിതമായി കൊലപാതം നടത്തിയെന്നാണു കേസ്. വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസു ഹാജരായി.

തെളിഞ്ഞത് ക്രൂരമായ കൊലപാതകം

പത്തുമാസം ഗര്‍ഭിണിയായ ഉമ്മുസല്‍മയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. കണ്ടുനിന്ന മകന്‍ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസല്‍മ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങള്‍ക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണവിവരം അറിഞ്ഞിട്ടും വീട്ടില്‍ നിത്യസന്ദര്‍ശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടായില്ല. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മരണം ആത്മഹത്യയാണെന്നു വരുത്താന്‍ ഇയാള്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞു. കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ താക്കോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Related posts

വിവാദങ്ങൾ വകവയ്‌ക്കില്ല ; പരിഷ്‌കരണവുമായി മുന്നോട്ട്‌: മന്ത്രി ബിന്ദു.

Aswathi Kottiyoor

എസ് ബി ഐ ൽ അക്കൗണ്ടില്ലാതെ സ്ഥിരനിക്ഷേപമുണ്ടോ; എങ്കിൽ ജാഗ്രതൈ.

Aswathi Kottiyoor

കെ പി അനിൽകുമാർ എകെജി സെൻററിലെത്തി; സിപിഐ എമ്മുമായി സഹകരിക്കും.

Aswathi Kottiyoor
WordPress Image Lightbox