ഭക്ഷ്യധാന്യങ്ങളിലും എണ്ണയിലും പോഷകാംശങ്ങള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്ത് പൊതുവിതരണ ശൃംഖലവഴി വിതരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് ആശങ്കയുയരുന്നു. പോഷക സമ്പുഷ്ടീകരണം (ഫോര്‍ട്ടിഫിക്കേഷന്‍) ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.ദരിദ്ര ജനവിഭാഗങ്ങളുടെ പോഷകാഹാരക്കുറവ് രാജ്യംനേരിടുന്ന പ്രധാന പ്രശ്‌നമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് പോഷക സമ്പുഷ്ടീകരണം നടത്തിയ അരി, എണ്ണ, പാല്‍ ഗോതമ്പുപൊടി തുടങ്ങിയവ വിതരണം ചെയ്യാനുള്ള തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ 15 ജില്ലകളില്‍ അരി തയ്യാറാക്കുന്നതില്‍ കേരളത്തില്‍നിന്ന് എറണാകുളത്തെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആലുവയിലെ മില്ലില്‍ അരി തയ്യാറാക്കി സാംപിള്‍ ഗുണനിലവാര പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് സിവില്‍ സപ്ലെസ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കേരളത്തിലെ എഫ്.സി.ഐ. ഗോഡൗണുകളില്‍ പോഷക സമ്പുഷ്ടീകരണം നടത്തിയ അരി എത്തിയിട്ടുണ്ട്. റേഷന്‍ കടകള്‍വഴി ഇതിന്റെ വിതരണം വൈകാതെ ആരംഭിക്കും. കേന്ദ്രസര്‍ക്കാര്‍ 2019-2020ല്‍ ആവിഷ്‌കരിച്ച പദ്ധതി ഇപ്പോഴാണ് യാഥാര്‍ഥ്യമാകുന്നത്. 2024-ഓടെ പൂര്‍ണതോതില്‍ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.
രാജ്യത്തെ 65 ശതമാനം ആളുകളും കഴിക്കുന്ന ഭക്ഷണമായതിനല്‍ അരിയിലാണ് ഇത് മുഖ്യമായും നടപ്പാക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി, അങ്കണവാടികള്‍ എന്നിവയിലും ഈ അരി ഉള്‍പ്പെടുത്തും. വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പോഷകാഹാരക്കുറവു മൂലമുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
മുന്നറിയിപ്പുമായി വിദഗ്ധര്‍
കൃത്രിമമായി രാസവസ്തുക്കളുപയോഗിച്ച് സമ്പൂഷ്ടീകരിച്ച ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ, പോഷകാഹാര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ മേഖലയിലെ കൂട്ടായ്മയായ ‘ആഷ’ ഈ പദ്ധതിയിലെ അപകടം ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് പൊതുവേ കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ സിന്തറ്റിക് വിറ്റാമിനുകളോ ധാതുക്കളോ കൂട്ടിച്ചര്‍ക്കുന്നത് പ്രതികൂല ഫലങ്ങളാണുണ്ടാക്കുക എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇരുമ്പ് സമ്പുഷ്ടീകരിച്ച ഭക്ഷണം നല്‍കുന്നത് കുടല്‍വീക്കം, പുണ്ണ് എന്നിവയ്ക്ക് കാരണമാകാം. കൂടുതല്‍ വിറ്റാമിന്‍ ശരീരത്തിലെത്തുന്നത് ഹൈപ്പര്‍ വിറ്റാമിനോസിസ് എന്ന അവസ്ഥയുണ്ടാക്കും. അമിതവണ്ണമുള്ളവരിലും പോഷക സമ്പുഷ്ടീകൃത ഭക്ഷണം വിപരീത ഫലമുണ്ടാക്കാം. വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുക മാത്രമാണ് പോഷകാഹാരക്കുറവിന് പരിഹാരം. ഇതിനുപകരം കുറുക്കുവഴികള്‍തേടിപ്പോകുന്നത് അപകടകരമാണെന്നാണ് കത്തില്‍ പറയുന്നത്.
ഭക്ഷണരീതികളിലും പ്രാദേശിക വിഭവ ലഭ്യതയിലുമുള്ള വ്യത്യാസമനുസരിച്ച് പോഷകാഹാരക്കുറവ് വ്യത്യസ്ത രീതിയിലായിരിക്കുമെന്നതിനാല്‍ എല്ലാവര്‍ക്കും ഒരേതരത്തില്‍ പോഷക സമ്പൂഷ്ടീകൃത ഭക്ഷണം നല്‍കുന്നത് പ്രായോഗികമല്ലെന്നതാണ് പദ്ധതിയുടെ പ്രധാന ന്യൂനത.