ഇരിട്ടി: കേരളത്തില്‍ നിന്നുള്ളയാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കുടക് ജില്ലാ ഭരണകൂടം ഈ മാസം 30 വരെ നീട്ടി.ഇതോടെ നിയന്ത്രണ കാലാവധി മൂന്നു മാസം പിന്നിട്ടു.
ഇന്ത്യ മുഴുവന്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനിൽക്കെയാണ് കേരളത്തില്‍ നിന്നും കുടക് ജില്ലയില്‍ എത്തുന്നവര്‍ക്കുള്ള നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം.
ബസ് ഗതാഗതം ഇനിയും ആരംഭിക്കില്ല. കഴിഞ്ഞ 30വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലെ വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നു.
കേരളത്തില്‍ ടിപിആര്‍ നിരക്ക് കുറഞ്ഞുവരികയും സ്കൂളുകള്‍ അടുത്ത മാസം തുറക്കാനും മറ്റ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിക്കുകയും ചെയ്തിരിക്കെ കുടക് ഭരണ കൂടത്തിന്റെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
മാക്കൂട്ടം ചുരംപാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏഴു ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലെ ടിപിആര്‍ നിരക്ക് അഞ്ചില്‍ താഴെ എത്തിയാല്‍ മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയാല് മതിയെന്ന നിലപാടിലാണ് കുടക് ജില്ലാ ഭരണകൂടം.
previous post