ഒക്ടോബര്‍ എട്ടിന് വ്യോമസേന ദിനത്തില്‍ വ്യോമാഭ്യാസത്തിലൂടെ ഞെട്ടിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന.
89ാം വാര്‍ഷികദിനത്തില്‍ ഇതിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത് നാല് തകര്‍പ്പന്‍ അഭ്യാസ ചിത്രങ്ങളാണ്. വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ പരിശീലനവേളയിലെടുത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വാര്‍ഷിക ആഘോഷങ്ങള്‍ നടക്കുക.
മിടുക്കും ഭംഗിയും ഒത്തുചേരേണ്ടത് എങ്ങനെയെന്ന് നന്നായി അറിയുമ്പോള്‍ എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുന്നത്. വ്യോമാഭ്യാസത്തില്‍ വിവിധ വിമാനങ്ങളുടെ പ്രദര്‍ശനവുമുണ്ടാകുമെന്ന് വ്യോമസേന അറിയിച്ചു. രാവിലെ എട്ട് മണിക്ക് സ്‌കൈ ഡൈവേഴ്‌സിന്റെ പ്രത്യേക അഭ്യാസപ്രകടനങ്ങളുണ്ടാകും. എട്ട് മണിക്ക് ആരംഭിച്ച് 11 മണിക്ക് അവസാനിക്കുന്ന തരത്തില്‍ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികളാണ് വ്യോമസേന സംഘടിപ്പിക്കുന്നത്. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമസേന താവളത്തിലാണ് പരിപാടികള്‍ അരങ്ങേറുക.
വളരെ താഴ്ന്ന് പറന്നായിരിക്കും അഭ്യാസപ്രകടനങ്ങള്‍ എന്നതുകൊണ്ട് തന്നെ ഡല്‍ഹി-ഗാസിയാബാദ് മേഖലയിലുള്ളവരോട് പക്ഷി ശല്യം ഒഴിവാക്കാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഒന്നും വലിച്ചെറിയരുതെന്ന് സേന ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂട്ടം പ്രദേശത്തുണ്ടായാല്‍ അത് താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ക്ക് അപകടഭീഷണിയാകുമെന്നതിനാലാണ് ഇത്തരമൊരും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.