സംയുക്ത സംരംഭ പദ്ധതികൾക്കുള്ള ഫണ്ടുകളുടെ ഓണ്‍ലൈൻ കൈമാറ്റത്തിനുള്ള പരിമിതികൾ ഇല്ലാതാക്കിക്കൊണ്ട് ഫണ്ടുകൾ പിൻവലിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
സംയുക്ത സംരംഭ പദ്ധതികൾക്ക് മാത്രമായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പുതിയ ശ്രേണി ആരംഭിക്കും. ഇത്തരം അക്കൗണ്ടുകളിൽ ചെലവാകാതെ ബാക്കിയുള്ള തുക സോഴ്സ് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് സാന്പത്തിക വർഷത്തിന്റെ അവസാനം തിരിച്ചടയ്ക്കണം.
സംയുക്ത സംരംഭ പദ്ധതികൾ നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെതന്നെ ഇത്തരം അക്കൗണ്ടുകൾ ആരംഭിക്കാം. തദ്ദേശ സ്ഥാപനത്തിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബർസിംഗ് ഓഫീസർക്ക് പുതുതായി ആരംഭിച്ച ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്യാം.
ട്രഷറി അക്കൗണ്ടിൽ നിന്ന് ഓണ്‍ലൈനായി ഡബ്ള്യുഎഎംഎസ് സിസ്റ്റത്തിലൂടെ ചെക്കും ഓണ്‍ലൈനായി എടുത്ത പ്രൊസീഡിഗ്സും മറ്റ് അനുബന്ധ വൗച്ചറുകളും ബില്ലുകളും സമർപ്പിച്ച് ഗുണഭോക്താക്കൾക്ക് തുക കൈമാറ്റം ചെയ്യാൻ ഡ്രോയിംഗ് ആൻഡ് ഡിസ്ബേർസിംഗ് ഓഫീസറെ ചുമതലപ്പെടുത്തി്.
ഓണ്‍ലൈൻ പ്രൊസീഡിംഗ്സും ചെക്കും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രം ട്രഷറി ഓഫീസർ ക്ലെയിം അംഗീകരിക്കുകയും ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫറായി ഗുണഭോക്താവിന് ഫണ്ട് കൈമാറ്റം ചെയ്യുകയും വേണം.
സാന്പത്തിക വർഷാവസാനം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ചെലവാകാതെ കിടക്കുന്ന തുക ട്രഷറി ഓഫീസർമാർ, തദ്ദേശ സ്ഥാപനത്തിലെ ഡ്രോയിംഗ് ആൻഡ് ഡിസ്ബേർസിംഗ് ഓഫീസർ ചെലവാക്കിയ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് നിർദേശം.
അടുത്ത സാന്പത്തിക വർഷത്തേക്ക് ബാക്കിയുള്ള തുക മാറ്റുന്നതല്ലെന്നും അങ്ങനെ സംഭവിച്ചാൽ ഡ്രോയിംഗ് ആൻഡ് ഡിസ്ബേർസിംഗ് ഓഫീസർക്കും ട്രഷറി ഓഫീസർക്കുമായിരിക്കും ഉത്തരവാദിത്വമെന്നും ഉത്തരവിൽ പറയുന്നു. ഇപ്പോഴത്തെ നിർദേശം വഴി സംയുക്ത പദ്ധതികളുടെ നിർവഹണ വേഗത വർധിപ്പിക്കാനാകുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.