സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പോലീസിന്റെ കണക്കുകള്‍. വിവിധയിടങ്ങളില്‍ വഞ്ചന ക്കേസുകളെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നവയില്‍ 95 ശതമാനവും സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിക്കപ്പെട്ടവരുടെ പരാതികളാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ചീറ്റിംഗിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 31,216 കേസുകൾ. ഇവയില്‍ ഭൂരിഭാഗവും സാമ്പത്തിക ഇടപാടിന്റെ പേരിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021 ജനുവരി മുതൽ ജൂലൈ വരെ രജിസ്റ്റര്‍ ചെയ്തത് 2,680 കേസുകളാണ്. 2020ൽ 8,993 കേസുകൾ. 2019ൽ 6,347, 2018ൽ 4,646, 2017ൽ 3,930, 2016-4,623 എന്നിങ്ങനെയാണ് കേ സുകൾ.
വലിയ തുക നഷ്ടപ്പെടുന്നവരാണ് കേസു നല്കിയിട്ടുള്ളവയില് ഭൂരിഭാഗവും. അതോടൊപ്പം ചെറിയ തട്ടിപ്പു കേസുകളും, വിവിധ ഭീഷണികളത്തുടര്ന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത സാമ്പത്തിക തിരിമറികളുമുണ്ടെന്നും പോലീസ് വ്യക്തമാക്കി. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിച്ചതോടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയിലെന്നാണ് സൂചന.