ഓഗസ്റ്റ് മാസത്തില്‍, ഐ.ടി നിയമത്തിന് വിരുദ്ധമായ മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുത്തെന്ന് ഫേസ്ബുക്ക്. 20.7 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിക്കെട്ടിയതായി വാട്‌സാപ്പ് വ്യക്തമാക്കി. 22 ലക്ഷം പോസ്റ്റുകള്‍ക്കെതിരെ ഇന്‍സ്റ്റാഗ്രാമും നടപടിയെടുത്തു. പുതിയ ഐ.ടി ചട്ടപ്രകാരമാണ് സാമൂഹ്യമാധ്യമ ഭീമന്മാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.
പുതിയ ഐ.ടി ചട്ടപ്രകാരം അഞ്ച് ദശലക്ഷത്തില്‍ അധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എല്ലാ മാസവും അവര്‍ക്ക് ലഭിച്ച പരാതികളുടെ വിവരങ്ങളും, അതില്‍ സ്വീകരിച്ച നടപടികളൂം കാണിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് മാസത്തെ വിവരങ്ങള്‍ ഫേസ്ബുക്കും, വാട്‌സാപ്പും, ഇന്‍സ്റ്റാഗ്രാമും, ഗൂഗിളും പുറത്തുവിട്ടത്.
ഓഗസ്റ്റ് മാസം 3.2 കോടി പോസ്റ്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് നീക്കം ചെയ്യല്‍ അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. വിദ്വേഷ പരാമര്‍ശങ്ങള്‍, ലൈംഗിക അതിക്രമം, അനാവശ്യ സന്ദേശങ്ങള്‍, ഭീകര സംഘടനകളുടെ പോസ്റ്റുകള്‍, സംഘടിതമായി സമൂഹത്തില്‍ വെറുപ്പ് പടര്‍ത്താന്‍ ഉദ്യേശിച്ചുള്ള പോസ്റ്റുകള്‍ എന്നിവയ്‌ക്കെതിരെയാണ് ഫേസ്ബുക്കിന്റെ നടപടി.
ഓഗസ്റ്റില്‍ 20, 70000 ഇന്ത്യന്‍ അക്കൗണ്ടുകള്‍ വിലക്കിയതായി വാട്‌സാപ്പ് അറിയിച്ചു. ജൂണ്‍ 16 മുതല്‍ ജൂലൈ 21 വരെയുള്ള കാലയളവില്‍ മുപ്പത് ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഓഗസ്റ്റില്‍ 35,191 പരാതികള്‍ ലഭിച്ചതായും, 93,550 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായും സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ വ്യക്തമാക്കി.