22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; വരുന്നത് രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാത.
Kerala

മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി; വരുന്നത് രാജ്യത്തെ എറ്റവും നീളം കൂടിയ കടല്‍പ്പാത.

സ്വപ്‌നം കാണുന്നവരുടെ നഗരം. സ്വപ്‌നങ്ങളുമായി ഈ നഗരത്തില്‍ ചേക്കേറുന്നവര്‍ക്ക് പിന്നെ മടക്കമില്ല. വര്‍ഷം ചെല്ലുന്തോറും ഇനി വികസിക്കാന്‍ ഇടമില്ലാതെ തിങ്ങി ഞെരുങ്ങുകയാണ് നഗരവും റോഡുകളും. 2011-ലെ സെന്‍സസ് പ്രകാരം 1.25 കോടിയാണ് മുംബൈയിലെ ജനസംഖ്യ. (2021-ല്‍ ഇത് 20,667,656 ആയി ഉയര്‍ന്നതായി വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.) ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈ മെട്രോപൊളിറ്റന്‍ റീജിയണില്‍ താമസിക്കുന്നതിനായി വീടുകള്‍ പോലും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത്രമേല്‍ ജനനിബിഡമാണ് ഇവിടം. തുറന്ന സ്ഥലങ്ങളില്ല, റെയില്‍-റോഡ് ഗതാഗത മാര്‍ഗങ്ങളിലും തിരക്കേറി. ഐ.ടി.ഡി.പി. ഇന്ത്യ നടത്തിയ പഠനപ്രകാരം മുംബൈയിലെ ജനങ്ങള്‍ പ്രതിദിനം ട്രാഫിക്കില്‍ പാഴാക്കുന്നത് 85 മിനിട്ടുകളാണ്.

വികസനത്തിന്റെ പാരമ്യതയില്‍ നഗരം എത്തിക്കഴിഞ്ഞു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പരിധി വിട്ടുളള വികസനത്തിന് വിലങ്ങുതടിയാകുന്നുണ്ട്. ഇനിയൊരു സാധ്യതയുണ്ടെങ്കില്‍ അത് നവി മുംബൈയില്‍ മാത്രമാണ്. നവിമുംബൈയില്‍ ഉത്തരപാതിയില്‍ ഇതിനകം വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ദക്ഷിണ മേഖലയില്‍ ഇനിയും വികസനത്തിന് സാധ്യതകളേറെയാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് തിരക്കില്‍ ശ്വാസം മുട്ടുന്ന നഗരത്തിന് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ‘ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്’ (എം.ടി.എച്ച്എല്‍.) അഥവാ ‘സെവ്‌രി -നവസേവ സീലിങ്ക് പാലം നവിമുംബൈയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ട്രാഫിക് തിരക്കുകള്‍ കുറയ്ക്കുക എന്നതിനൊപ്പം സാമൂഹിക-സാമ്പത്തിക വികസനത്തിലും പുതിയൊരു മുന്നേറ്റമായിരിക്കും ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ രാജ്യം കാണുക.

22 കിലോ മീറ്റര്‍ നീളമേറിയ കടല്‍പ്പാലം, അതില്‍ പതിനാറര കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെ… രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലം, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ കടല്‍പ്പാലം തുടങ്ങി ദ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് പ്രത്യേകതകള്‍ ഏറെ. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത ഈ പദ്ധതി 2022 ആകുന്നതോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ മുംബൈയിലെ സെവ്‌രിയില്‍നിന്ന് തുടങ്ങി എലിഫന്റാ ദ്വീപിന്റെ വടക്കുവശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിര്‍ലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്. നവി മുംബൈയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം ചുരുക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യാം. നവി മുംബൈയുടെ വികസനം, മുംബൈയിലെ തിരക്ക് കുറയ്ക്കല്‍, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താന്‍ സാധിക്കുക, പുണെ എക്‌സ്പ്രസ് വേയിലേക്ക് ബന്ധിപ്പിക്കല്‍ തുടങ്ങി ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. നിർമാണം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായി മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മാറും.

മുംബൈ-നവി മുംബൈ നിലവില്‍ ബന്ധിക്കപ്പെടുന്നത് എയ്‌റോളി, വാശി പാലങ്ങളിലൂടെയാണ്. നിലവിലെ ട്രാഫിക് തിരക്കുകള്‍ താങ്ങാന്‍ തന്നെ ഈ പാലങ്ങള്‍ക്ക് ശേഷിയില്ല. ഭാവിയില്‍ ഉയരുമെന്നുറപ്പുളള ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ നീളമേറിയ പാലം കൂടിയേ തീരൂ..അതാണ് എം.ടി.എച്ച്.എല്‍. ഗതാഗത മേഖലയില്‍ എം.എം.ആര്‍.ഡി.എ. നടത്തിയ പഠനത്തില്‍ എം.ടി.എച്ച്.എല്‍. മാത്രമാണ് ഗതാഗത പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമെന്ന് കണ്ടെത്തിയിരുന്നു.

16.5 കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെ

ഒരോ വശത്തുമായി മൂന്നു പാതകള്‍ അടങ്ങിയ ആറുവരി പാതയാണ് എം.ടി.എച്ച്.എല്‍. അടിയന്തരാവശ്യങ്ങള്‍ക്കായി ഏഴാമത് ഒരു വരിയും എക്‌സ്പ്രസ്‌വേയിൽ ഉണ്ടായിരിക്കും. എഡ്ജ് സ്ട്രിപ്‌സ്, ക്രാഷ് ബാരിയര്‍ എന്നിവയും പ്രത്യേകതകളാണ്. 22 കിലോ മീറ്റര്‍ നീളമുളള ഈ പാതയില്‍ പതിനാറര കിലോ മീറ്റര്‍ യാത്ര കടലിന് മുകളിലൂടെയായിരിക്കും. സെവ്‌രിയില്‍ ത്രീലെവല്‍ ഇന്റര്‍ചേഞ്ചാണ് ആസൂത്രണം ചെയ്തിട്ടുളളത്. ഇവിടെ ഈസ്റ്റേണ്‍ ഫ്രീവേ, സെവ് രി-വര്‍ളി ഈസ്റ്റ്-വെസ്റ്റ് കണക്ടര്‍ എംടിഎച്ച്എല്ലുമായി കൂടിച്ചേരും. ഇന്റലിജന്‍സ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം, ഇന്റര്‍ചേഞ്ചസ്, അപ്രോച്ച് വിഭാഗങ്ങള്‍, ഒരു മറൈന്‍ ബ്രിഡ്ജിന് ആവശ്യമായ മറ്റുസൗകര്യങ്ങള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും.

സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ പാതയിലെ ട്രാഫിക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും. പാലം ഉപയോഗിക്കുന്നവര്‍ക്കുളള ഉചിതമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വേരിയബിള്‍ മെസേജ് സൈനുകള്‍(VMS) സ്ഥാപിക്കും. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി നോയ്‌സ് ബാരിയറുകളും സ്ഥാപിക്കും. 1.5 ലക്ഷം വാഹനങ്ങൾ വഹിക്കാനുളള കഴിവ് ഈ നീളമേറിയ ആറുവരി പാതയ്ക്കുണ്ടായിരിക്കും. ആദ്യവര്‍ഷം 45,000 വാഹനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുംബൈ മഹാനഗരത്തില്‍നിന്ന് നവി മുംബൈയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഏറ്റവും പെട്ടെന്നുള്ള പ്രവേശനമാര്‍ഗ്ഗമായി ഈ കടല്‍പ്പാലം മാറും. ഇത് നവി മുംബൈയുടെയും ചുറ്റുമുള്ള പ്രദേശങ്ങളുടെ വളര്‍ച്ചയും സാമൂഹിക-സാമ്പത്തിക വികസനവും കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2022-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.

പാലം പോലെ നീണ്ടു നീണ്ടു പോയ പദ്ധതി

മുംബൈ നഗരവും നവി മുംബൈയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ നവി മുംബൈ മേഖലയുടെ വികസനത്തെ സുഗമമാക്കുന്നതിനാണ് നിര്‍ദ്ദിഷ്ട മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 35 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത ഒരു പദ്ധതിയാണിത്. പിന്നീട് 2004-ലാണ് എം.ടി.എച്ച്എല്‍. പദ്ധതിക്ക് പുതിയരൂപം നല്‍കുന്നത്. നിര്‍മാണ മേഖലയിലെ അതികായരായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐ.എല്‍.ആന്‍ഡ്എഫ്.എസ്.) ഇതുസംബന്ധിച്ച് ഒരു അപേക്ഷ മുന്നോട്ടുവെക്കുകയും ചെയ്തു. ഇതിനെതിരേ മഹാരാഷ്ട്ര സംസ്ഥാന റോഡ് വികസന കോര്‍പറേഷന്‍ മറ്റൊരു നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ വെളിപ്പെടുത്താത്ത ചില കാരണങ്ങളാല്‍ ഐ.എല്‍.ആന്‍ഡ്എഫ്.എസിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും പല തവണ ശ്രമങ്ങളുണ്ടായി. പൊതു-സ്വകാര്യ പങ്കാളിത്തം, ഇ.പി.സി. എന്നിവയുള്‍പ്പെടെ വിവിധ രീതികളില്‍ പദ്ധതി തുടങ്ങുന്നതിനായി 2006, 2007, 2013 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ മൂന്ന് ശ്രമങ്ങളും വിജയിച്ചിരുന്നില്ല.

പിന്നീട് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (എം.എം.ആര്‍.ഡി.എ.) മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പ്രോജക്റ്റ് ഏറ്റെടുക്കുകയും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇരു ഭൂപ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഏകദേശം 21.8 കിലോ മീറ്റര്‍ നീളമുള്ള ഈ സുപ്രധാന കടല്‍പ്പാതയുടെ നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, മുംബൈയില്‍നിന്ന് നവി മുംബൈ, നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട്, പന്‍വേല്‍, അലിബാഗ്, പൂനെ, ഗോവ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്രാസമയം ലാഭിക്കുക മാത്രമല്ല ഇന്ധനവും ലാഭിക്കാനാകും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും നവി മുംബൈ പ്രദേശത്തിന്റെ വികസനം സുഗമമാക്കാനും ഇത് സഹായിക്കും.

2005-ൽ പദ്ധതിയുടെ ചെലവ് 4000 കോടിയായാണ് കണക്കാക്കപ്പെട്ടത്. 2008-ൽ ചെലവ് 6000 കോടിയായി പുതുക്കി. പിന്നീട് 2011 നവംബറിൽ ഇത് 8800 കോടിയായും 2012 ആഗസ്റ്റിൽ 9360 കോടിയായും ഇത് ഉയർത്തി. 2014-ൽ ഇത് ഏകദേശം 11,000 കോടി രൂപയായി പദ്ധതി ചെലവ് പുനർനിർണയിച്ചു. നിലവിൽ 17000 കോടിയാണ് പദ്ധതിയുടെ ചെലവായി ഏറ്റവും ഒടുവിൽ പുതുക്കിയ നിർമാണച്ചെലലവ്.

അതേസമയം, അഞ്ചു വര്‍ഷത്തിനുളളില്‍ ചൈന നിര്‍മിച്ചത് നാല് കടല്‍പ്പാലങ്ങളാണ്. 7.6 കിലോ മീറ്റര്‍ വരുന്ന സുതോങ് പാലം ഏഴു മാസങ്ങള്‍ക്കുളളിലാണ് അവര്‍ പൂര്‍ത്തിയാക്കിയത്.

മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പദ്ധതി

ആകെ കണക്കാക്കിയ ചെലവ്: 17,843 കോടി രൂപ
മൊത്തം ദൈർഘ്യം: 21.80 കിലോ മീറ്റര്‍
പാലത്തിന്റെ നീളം: 18.187 കിലോ മീറ്റര്‍
മെറ്റീരിയൽ: കോൺക്രീറ്റ്, സ്റ്റീൽ
പൂർത്തീകരിക്കാന്‍ ലക്ഷ്യമിടുന്നത്: 2022
വീതി: 27 മീറ്റര്‍
പാതകൾ: 6
പ്രധാന വായ്പാദാതാവ്: ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (JICA)
ഉടമ: മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അതോറിറ്റി (MMRDA)
പ്രോജക്റ്റ് മോഡൽ: ഇ.പി.സി. (എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം)
ഗുണങ്ങള്‍

യാത്രാ സമയം, വാഹന പ്രവർത്തന ചെലവ്, ഇന്ധന ലാഭം എന്നിവ ലാഭിക്കുന്നു.
പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം
നവിമുംബൈയില്‍നിന്ന് മുംബൈയിലെത്താനുള്ള സമയം ഒരു മണിക്കൂറില്‍നിന്ന് 20 മിനിറ്റായി ചുരുങ്ങും
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വേഗത്തിലുള്ള പ്രവേശനം
പൂനെ എക്സ്പ്രസ് വേയിലേക്കും ദക്ഷിണേന്ത്യയിലേക്കും കണക്റ്റിവിറ്റി
മുംബൈ-പുണെ അതിവേഗപാത വഴി വരുന്ന വാഹനങ്ങള്‍ക്ക് മുംബൈയിലേക്ക് പോകാന്‍ എളുപ്പവഴി
സയേണ്‍-പന്‍വേല്‍ ഹൈവേയിലെ ഗതാഗതത്തിരക്ക് കുറയും
പ്രത്യേകതകൾ

ആകെ 2200 തൂണുകള്‍. അതിൽ 440 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി
16.5 കിലോ മീറ്റര്‍ കടലിനു മുകളിലൂടെ. ബാക്കി 5.5 കിലോ മീറ്റര്‍ കരയിലൂടെ
ഓരോ തൂണും പടുത്തുയര്‍ത്തുന്നത് കടലിന്റെ 25 മീറ്റര്‍ ആഴത്തില്‍നിന്ന്
കടല്‍ജീവജാലങ്ങള്‍ക്ക് നാശം സംഭവിക്കാതിരിക്കാന്‍ റിവര്‍ സര്‍ക്കുലര്‍ മെഷീന്‍ ഉപയോഗിച്ചുള്ള നിര്‍മാണം.

Related posts

മംഗളൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു

Aswathi Kottiyoor

എറണാകുളം ജനറല്‍ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് അനുമതി

Aswathi Kottiyoor

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

Aswathi Kottiyoor
WordPress Image Lightbox